നവദമ്പതികള്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; ആഹ്വാനവുമായി ഉദയനിധി സ്റ്റാലിന്‍

udayanidhi
udayanidhi

ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനം തമിഴ്‌നാടാണെന്നും അതിന്റെ പ്രശ്‌നങ്ങളാണു ഇപ്പോള്‍ നേരിടുന്നതെന്നും ഉദയനിധി പറഞ്ഞു.

നവദമ്പതികള്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ചെന്നൈയില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കു തമിഴ് പേരുകളിടണമെന്നും ഒരുപാട് കുട്ടികള്‍ വേണ്ടെന്നും ഉദയനിധി ആവശ്യപ്പെട്ടു. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനം തമിഴ്‌നാടാണെന്നും അതിന്റെ പ്രശ്‌നങ്ങളാണു ഇപ്പോള്‍ നേരിടുന്നതെന്നും ഉദയനിധി പറഞ്ഞു.


മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് മകനായ ഉദയനിധി സ്റ്റാലിനും സമാന ആഹ്വാനം നടത്തിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ സീറ്റുകള്‍ കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഉദയ്‌നിധി സ്റ്റാലിന്റെ പരാമര്‍ശം.

മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കിയാല്‍ തമിഴ്‌നാട്ടില്‍ 8 സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു നൂറോളം സീറ്റുകള്‍ ലഭിക്കുമെന്നും ഉദയനിധി പറഞ്ഞു. അതേ സമയം മണ്ഡല പുനര്‍നിര്‍ണയം മൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പാര്‍ലമെന്റ് സീറ്റ് പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയിരുന്നു.

Tags