സ്‌കൂൾ വിദ്യാർഥികൾക്കായി ഐ.എസ്.ആർ.ഒ.യുടെ 'യുവിക' പ്രോഗ്രാം


സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബഹിരാകാശ സംബന്ധിയായ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രായോഗികതലങ്ങള്‍ എന്നിവ പരിചയപ്പെടുത്തുക, ഈ രംഗത്തെ ഉയര്‍ന്നുവരുന്ന മേഖലകളെപ്പറ്റിയുള്ള അവബോധം വളര്‍ത്തുക, സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ് (സ്റ്റം) അടിസ്ഥാനമാക്കിയുള്ള ഗവേഷണ/കരിയര്‍ രംഗങ്ങളില്‍ അവരില്‍ താത്പര്യം ജനിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ, ഐ.എസ്.ആര്‍.ഒ. (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) നടത്തുന്ന യങ് സയന്റിസ്റ്റ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാം.
'യുവ വിഗ്യാനി കാര്യക്രം' (യുവിക) എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പ്രോഗ്രാം സഹവാസരീതിയില്‍ മേയ് 19 മുതല്‍ 30 വരെ നടത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് (ഐ.ഐ.ആര്‍.എസ്.) ദെഹ്‌റാദൂണ്‍, വിക്രം സാരാഭായ് സ്പെയ്സ് സെന്റര്‍ (വി.എസ്.എസ്.സി.) തിരുവനന്തപുരം, സതീശ് ധവാന്‍ സ്പെയ്സ് സെന്റര്‍ (എസ്.ഡി.എസ്.സി.) ശ്രീഹരിക്കോട്ട, യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ (യു.ആര്‍.എസ്.സി.) ബെംഗളൂരു, സ്പെയ്സ് ആപ്ലിക്കേഷന്‍ സെന്റര്‍ (എസ്.എ.സി.) അഹമ്മദാബാദ്, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (എന്‍.ആര്‍.എസ്.സി.) ഹൈദരാബാദ്, നോര്‍ത്ത്-ഈസ്റ്റേണ്‍ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ (എന്‍.ഇ.-എസ്.എ.സി.) ഷില്ലോങ് എന്നീ കേന്ദ്രങ്ങളിലായി പ്രോഗ്രാം നടത്തും.
പ്രോഗ്രാമില്‍ പങ്കെടുക്കുന്നവരുടെ യാത്രാച്ചെലവുകള്‍ തിരികെ നല്‍കും. അസല്‍ ടിക്കറ്റുകള്‍ ഹാജരാക്കണം. താമസം, ഭക്ഷണം, കോഴ്‌സ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ളവയുടെ ചെലവുകള്‍ ഐ.എസ്.ആര്‍.ഒ. വഹിക്കും. 2025 ജനുവരി ഒന്നിന് ഒന്‍പതാം ക്ലാസില്‍ ഇന്ത്യയില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പില്‍ വിവിധ ഘടകങ്ങള്‍ക്ക് പരിഗണന നല്‍കും. അവ ഇപ്രകാരമാണ്.
എട്ടാം ക്ലസിലെ മാര്‍ക്ക് - 50 ശതമാനം
ഓണ്‍ലൈന്‍ ക്വിസ് മികവ് -10
കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സയന്‍സ് ഫെയറിലെ പങ്കാളിത്തം (സ്‌കൂള്‍/ജില്ല/സംസ്ഥാന തലവും ഉയര്‍ന്ന തലങ്ങളും) - 2/5/10
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഒളിമ്പ്യാഡ്/ തത്തുല്യ മത്സരത്തിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള റാങ്ക് (സ്‌കൂള്‍/ജില്ല/സംസ്ഥാന തലവും ഉയര്‍ന്ന തലങ്ങളും) -2/4/5.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളിലെ നേട്ടം (ഒന്നു മുതല്‍ മൂന്നുവരെയുള്ള സ്ഥാനം (സ്‌കൂള്‍/ജില്ല/സംസ്ഥാന തലവും ഉയര്‍ന്ന തലങ്ങളും) -2/4/5
കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്/എന്‍.സി.സി./എന്‍.എസ്.എസ്. അംഗത്വം-5
പഞ്ചായത്ത് പ്രദേശത്തെ വില്ലേജ്/റൂറല്‍ സ്‌കൂള്‍ പഠനം - 15
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും jigyasa.iirs.gov.in/yuvika സന്ദര്‍ശിക്കുക. അവസാന തീയതി: മാര്‍ച്ച് 23. ആദ്യ സെലക്ഷന്‍ പട്ടിക ഏപ്രില്‍ ഏഴിന് പ്രഖ്യാപിക്കും. പങ്കെടുക്കുന്നവര്‍ മേയ് 18-ന്/ഇതുസംബന്ധിച്ച ഇ-മെയില്‍ വഴി വിദ്യാര്‍ഥിയെ അറിയിക്കുന്ന തീയതിയില്‍ ബന്ധപ്പെട്ട ഐ.എസ്.ആര്‍.ഒ. കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.