പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് അടുത്ത് ആയുധവുമായി യുവാക്കള്‍ പിടിയില്‍
പ്രതികളില്‍ നിന്ന് കണ്ടെടുത്ത തോക്കിന് സാധുവായ ലൈസന്‍സ് ഉണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് വ്യാജ ഐഡി കാര്‍ഡും തോക്കുമായി മൂന്ന് യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ യാതൊരുവിധ സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവര്‍ക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് കണ്ടെടുത്ത തോക്കിന് സാധുവായ ലൈസന്‍സ് ഉണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. സംഭവത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. പ്രതികള്‍ ജിയോ വേള്‍ഡ് പ്ലാസ മാളിലേക്ക് വ്യാജ ഐഡി കാര്‍ഡ് കാണിച്ച് പ്രവേശിക്കാന്‍ ശ്രമിക്കവേ, സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 24 കാരനും ഇയാളുടെ സുരക്ഷാ ജീവനക്കാരെന്ന് കരുതുന്ന രണ്ട് പേരുമാണ് പിടിയിലായത്. ഇവര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുളളവരെന്ന് പറഞ്ഞതായി പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെ കൈവശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജ ഐഡി കാര്‍ഡും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ച വരെ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
.jpg)

