മൊബൈല്‍ മോഷ്ടിച്ച് യുവാവ്;പിന്തുടര്‍ന്ന ബിഎസ്‌എഫ് ജവാൻ വീണത് ട്രെയിനിന് അടിയിലേക്ക്, ഇരുകാലുകളും നഷ്ടമായി
ട്രെയിനില്‍ നിന്ന് അമൻ ജയ്സ്വാളിന്റെ ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ടുപോയ ആളെ പിടികൂടാൻ ഓടുന്നതിനിടയില്‍ രണ്ട് പേരും ട്രെയിനില്‍ നിന്ന് താഴെ വീണത്
ദില്ലി : ട്രെയിനില്‍ വച്ച് മൊബൈല്‍ ഫോണ്‍ അടിച്ച് മാറ്റിയ ആളെ പിടികൂടാനുള്ള ശ്രമത്തില്‍ ബിഎസ്‌എഫ് ജവാന് രണ്ട് കാലുകളും നഷ്ടമായി.ന്യൂ ദില്ലി അമൃത്സർ ഷാനേ പഞ്ചാബ് എക്സപ്രസിലാണ് സംഭവം. ജലന്ധറിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമൻ ജയ്സ്വാള്‍ എന്ന ബിഎസ്‌എഫ് ജവാനാണ് ഇരുകാലുകളും നഷ്ടമായത്.
ട്രെയിനില്‍ നിന്ന് അമൻ ജയ്സ്വാളിന്റെ ഫോണ്‍ തട്ടിപ്പറിച്ച് കൊണ്ടുപോയ ആളെ പിടികൂടാൻ ഓടുന്നതിനിടയില്‍ രണ്ട് പേരും ട്രെയിനില്‍ നിന്ന് താഴെ വീണത്. വീഴ്ചയ്ക്കിടെ ജവാന്റെ രണ്ട് കാലുകളും ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ട് പോയ യുവാവ് പരിക്കേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഎസ്‌എഫ് ജവാനെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ജവാന്റെ ഫോണ്‍ തട്ടിക്കൊണ്ട് പോയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് റെയില്‍വേ പൊലീസ് വിശദമാക്കുന്നത്.
.jpg)

