ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു, സംഭവത്തില്‍ ദുരൂഹത; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കാമുകിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ശ്രദ്ധ ദുബെ ഫോണില്‍ വിളിച്ച് ശിവ ബാല്‍ക്കണിയില്‍ നിന്ന് വീണതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അമ്മയെ അറിയിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ് 28 വയസുള്ള കഫേ ഉടമ ശിവാ ശര്‍മ്മ മരിച്ചു. സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കാമുകി ശ്രദ്ധ ദുബെക്കും മറ്റുള്ളവര്‍ക്കുമെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. മകനെ ശ്രദ്ധ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ശിവയുടെ അമ്മ രഞ്ജന ശര്‍മ്മ ആരോപിച്ചു. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ശ്രദ്ധ ദുബെ ഫോണില്‍ വിളിച്ച് ശിവ ബാല്‍ക്കണിയില്‍ നിന്ന് വീണതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അമ്മയെ അറിയിക്കുകയായിരുന്നു.
ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിയ അമ്മ, ഡ്രൈവറായ ഡാനിഷിനോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് അയാള്‍ മൃതദേഹം അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ശിവയുടെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസമായി ശിവയുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി ശ്രദ്ധ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ ആരോപിച്ചു. മുന്‍പും ശിവയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍ കണ്ടിരുന്നു.
ശിവയുടെ വാരിയെല്ലുകള്‍, തോള്‍, കൈകള്‍, തുടകള്‍ എന്നിവിടങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുണ്ടായിരുന്നു. താടിയെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വരികയും ചെയ്തിരുന്നു. വീഴ്ചയ്ക്ക് മുന്‍പ് മകനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് അമ്മയുടെ ആരോപണം. ശ്രദ്ധ ദുബെ, സഹോദരി രശ്മി ദുബെ, ഡ്രൈവര്‍ ഡാനിഷ്, ആദില്‍ എന്നയാള്‍, മറ്റ് കണ്ടാലറിയാവുന്ന ചിലര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
.jpg)


