വിവാഹവാര്‍ഷികത്തിന് തൊട്ടുമുന്‍പ് വിഷം കഴിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി എട്ടുമിനിറ്റ് വിഡിയോ
ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊലീസ് കുടുംബ കൗണ്‍സിലിങ് നടത്തിയിരുന്നു.
ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് വിഡിയോ റെക്കോര്‍ഡ് ചെയ്ത യുവാവ് വിഷം കഴിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി നേതാവ് രാജീവ് ഗുപ്തയുടെ മകന് പ്രബല്‍ കുമാര്‍ ഗുപ്തയാണ് (26) മരിച്ചത്.
2025 നവംബര്‍ രണ്ടിനായിരുന്നു പ്രബലിന്റെയും സ്നേഹ ഗുപ്തയുടെയും വിവാഹം. വിവാഹജീവിതത്തിന്റെ തുടക്കം മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ഭാര്യയും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വത്ത് സ്വന്തം പേരിലേക്ക് മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പ്രബല്‍ മരണത്തിന് മുമ്പ് ചിത്രീകരിച്ച എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ആരോപിച്ചു.
ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊലീസ് കുടുംബ കൗണ്‍സിലിങ് നടത്തിയിരുന്നു. അവിടെയും തനിക്കും കുടുംബത്തിനും മോശം അനുഭവമുണ്ടായെന്നും പ്രബല്‍ ആരോപിക്കുന്നുണ്ട്. നവംബര്‍ ഒന്നിന് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
മകന്റെ മരണവാര്‍ത്തയറിഞ്ഞ പിതാവ് രാജീവ് ഗുപ്തയ്ക്ക് ഹൃദയാഘാതമുണ്ടായി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രബലിന്റെ പിതാവിന്റെ പരാതിയില്‍ ഭാര്യ സ്നേഹ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
.jpg)

