നിങ്ങള്‍ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്' ; സദസ്സില്‍ ചിരി പടര്‍ത്തി രേവന്ദ് റെഡ്ഡിയോട് പ്രധാനമന്ത്രി
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഗുജറാത്തിനെ പിന്തുണച്ചതുപോലെ തെലങ്കാനയെയും പിന്തുണയ്ക്കണമെന്ന രേവന്ത് റെഡ്ഡിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് മോദിയുടെ ഈ പരാമര്‍ശം.
ഹൈദരാബാദില്‍ 9,400 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവേ വേദിയില്‍ കൗതുകകരമായ രാഷ്ട്രീയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ. രേവന്ത് റെഡ്ഡിയെ സാക്ഷിനിര്‍ത്തി, 'നിങ്ങള്‍ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്' എന്ന് നര്‍മ്മരൂപേണ പ്രധാനമന്ത്രി പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഗുജറാത്തിനെ പിന്തുണച്ചതുപോലെ തെലങ്കാനയെയും പിന്തുണയ്ക്കണമെന്ന രേവന്ത് റെഡ്ഡിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് മോദിയുടെ ഈ പരാമര്‍ശം.
മുന്‍ യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് ഗുജറാത്തിന് നല്‍കിയതിനേക്കാള്‍ വലിയ തുക താന്‍ നല്‍കാന്‍ തയ്യാറാണെന്ന് മോദി വ്യക്തമാക്കി. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി മാത്രമേ സംസ്ഥാനത്തിന് ലഭിക്കൂ എന്നും, അത് വികസന ലക്ഷ്യങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനാല്‍ താനും രാഷ്ട്രീയം പറയുന്നില്ലെന്ന് വ്യക്തമാക്കിയ മോദി, കണക്കുകള്‍ നിരത്തിയാണ് മറുപടി നല്‍കിയത്. ആന്ധ്രാപ്രദേശിന്റെ റെയില്‍വേ ബജറ്റ് 1,000 കോടി രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ തെലങ്കാനയ്ക്ക് മാത്രമായി 5,500 കോടിയിലധികം രൂപ ബജറ്റില്‍ വകയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യം ഇന്ന് 'റിഫോം എക്‌സ്പ്രസ്' പാതയിലാണെന്നും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രധാനമന്ത്രിയുടെ മൂന്ന് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ലക്ഷ്യത്തിലേക്ക് തെലങ്കാന 10 ശതമാനം സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ പ്രസംഗത്തില്‍ ഉറപ്പുനല്‍കി. ഗുജറാത്ത് മോഡല്‍ വികസനം പോലെ തെലങ്കാന മോഡല്‍ നടപ്പിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി പ്രധാനമന്ത്രിയുടെ വലിയ മനസ്സ് തെലങ്കാനയ്ക്കും ഉണ്ടാകണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.
.jpg)

