യോഗി സർക്കാറിന് തിരിച്ചടി ; ദാദ്രി ആൾക്കൂട്ടക്കൊലക്കേസ് പിൻവലിക്കാനുള്ള അപേക്ഷ തള്ളി കോടതി

yogi adityanath
yogi adityanath

ന്യൂഡൽഹി: യോഗി സർക്കാറിന് കനത്തതിരിച്ചടിയായ നടപടിയിൽ രാജ്യത്തെ ആദ്യത്തെ ആൾക്കൂട്ട കൊലപാതക കേസായ ഉത്തർപ്രദേശിലെ ദാദ്രിയിലെ മുഹമ്മദ് അഖ്‍ലാഖിനെ തല്ലിക്കൊന്ന 14 ഹിന്ദുത്വ തീവ്രവാദികൾക്കെതിരായ കേസ് പിൻവലിക്കാനുള്ള അപേക്ഷ കോടതി തള്ളി. ഇതിനായി യു.പി സർക്കാറിന്റെ പബ്ലിക്പ്രോസിക്യൂട്ടർ നൽകിയ അപേക്ഷയാണ് ഗൗതം ബുദ്ധ് നഗറിലെ അഡീഷനൽ സെഷൻസ് ജഡ്ജി സൗരഭ് ദ്വിവേദി തള്ളിക്കളഞ്ഞത്. സുപ്രധാന കേസായി അഖ്‍ലാഖ് വധക്കേസിനെ വിശേഷിപ്പിച്ച അതിവേഗ കോടതി തുടർച്ചയായുള്ള വാദം കേൾക്കലിനായി കേസ് ജനുവരി ആറിലേക്ക് മാറ്റി.

tRootC1469263">

കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും സംരക്ഷിക്കണമെന്നും അഡീഷനൽ സെഷൻസ് ജഡ്ജി നിർദേശിച്ചു. കഴിഞ്ഞ ആഗസ്റ്റ് 26ന് സംസ്ഥാന സർക്കാർ നൽകിയ നിർദേശപ്രകാരമാണ് ഗൗതം നഗർ ജില്ല അസിസ്റ്റന്റ് കോൺസൽ ഭാഗ് സിങ് ഭാട്ടി ഇത്തരമൊരു അപേക്ഷ നൽകുന്നത്. ക്രിമിനൽ നടപടിക്രമം 321 പ്രകാരം 14 പേർക്ക് എതിരെയും ചുമത്തിയ കുറ്റാരോപണം പിൻവലിക്കാൻ സംസ്ഥാന സർക്കാറിനെ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഒക്ടോബറിലാണ് പ്രോസിക്യൂഷൻ കേസ് പിൻവലിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കം യു.പി സർക്കാർ പരസ്യമാക്കിയത്.

2015 സെപ്റ്റംബർ 28ന് ബലിപെരുന്നാളിന് അഖ്‍ലാഖിന്റെ വീട്ടിൽ വന്ന് ഭക്ഷണം ആട്ടിറച്ചി കഴിച്ചുപോയ അയൽക്കാർ അടക്കമുള്ള പ്രതികളാണ് പശുവിനെ അറുത്ത് വീട്ടിൽ അതിന്റെ മാംസം സൂക്ഷിച്ചിട്ടുണ്ടെന്ന വ്യാജ ആരോപണമുന്നയിച്ച് അഖ്‍ലാഖിനെ മൃഗീയമായി തല്ലിക്കൊന്നത്. രാരതി വീട്ടിലേക്ക് അതിക്രമിച്ചുകയറി വന്ന സംഘം അഖ്‍ലാഖിനെയും മകൻ ഡാനിഷിനെയും വീട്ടിൽ നിന്ന് വലിച്ചിറക്കി ബോധമറ്റുവീഴും വരെ തല്ലിച്ചതക്കുകയായിരുന്നു. പിന്നീട് നോയ്ഡ ആശുപത്രിയിൽ അഖ്‍ലാഖ് മരണത്തിന് കീഴടങ്ങി.

ബി.ജെ.പി പ്രാദേശിക നേതാവിന്റെ മകൻ വിശാൽ റാണയെ മുഖ്യപ്രതിയാക്കി 14 പേർക്കെതിരെ പൊലീസ് കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കലാപത്തിനുമെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിനും മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണത്തിനും സമാധാന ഭംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിച്ചു.

Tags