ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; ഐ.ആര്‍.സി.ടി.സിക്ക് പത്തു ലക്ഷം രൂപ പിഴയിട്ട് ഇന്ത്യന്‍ റെയില്‍വേ
യാത്രക്കാരന് വിളമ്പിയ തൈരിലും പരിപ്പുകറിയിലും പുഴുക്കളെ കണ്ടെത്തിയതാണ് വിവാദത്തിന് കാരണമായത്.
ഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസ്സില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ഐ.ആര്‍.സി.ടി.സിക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യന്‍ റെയില്‍വേ.ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ വീഴ്ച വരുത്തിയതിന് ഭക്ഷണം വിതരണം ചെയ്ത കരാര്‍ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ഇവരുടെ കരാര്‍ റദ്ദാക്കാനും തീരുമാനിച്ചു.
പാറ്റ്ന - ടാറ്റാനഗര്‍ വന്ദേ ഭാരത് എക്സ്പ്രസ്സില്‍ മാര്‍ച്ച് 15-ന് യാത്ര ചെയ്ത യാത്രക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കര്‍ശന നടപടി സ്വീകരിച്ചത്. യാത്രക്കാരന് വിളമ്പിയ തൈരിലും പരിപ്പുകറിയിലും പുഴുക്കളെ കണ്ടെത്തിയതാണ് വിവാദത്തിന് കാരണമായത്.
പുഴു കണ്ടെത്തിയതിന് പിന്നാലെ പരാതിപ്പെട്ടപ്പോള്‍ അത് കുങ്കുമപ്പൂവ് ആണെന്ന് പറഞ്ഞ് റെയില്‍വേ ജീവനക്കാര്‍ ഒഴിയാന്‍ ശ്രമിച്ചെങ്കിലും, പാത്രത്തില്‍ പുഴുക്കള്‍ ഇഴയുന്ന വീഡിയോ യാത്രക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ഇതോടെ സംഭവം വലിയ ചര്‍ച്ചയാവുകയുംചെയ്തു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങളാണ് വിതരണം ചെയ്തതെന്ന് വ്യക്തമായി. യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് റെയില്‍വേ മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
.jpg)


