വനിത സംവരണ ബില്‍, ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച; സോണിയയും സ്മൃതി ഇറാനിയും തുടക്കമിടും

google news
sonia gandhi

വനിത സംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയുമായിരിക്കും ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നാണ് വിവരം. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും.

ഇന്നലെയാണ് വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗണ്‍സിലിലും സംവരണ നിര്‍ദേശമില്ല.  മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും. 

Tags