സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നു, പക്ഷേ പരിഗണിക്കപ്പെടുന്നില്ല ; സുപ്രീംകോടതി

Sabarimala women's entry; Senior advocate Abhishek Manu Singhvi appeared in the Supreme Court on behalf of the Travancore Devaswom Board

 ന്യൂഡൽഹി : സ്ത്രീകളുടെ ശമ്പളമില്ലാത്ത വീട്ടുജോലികളുടെയും പരിചരണത്തിൻ്റെയും സാമ്പത്തിക-സാമൂഹിക മൂല്യം ഉയർത്തിക്കാട്ടി സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജോലി ചെയ്യുന്ന സ്ത്രീകൾ ശരാശരി പുരുഷന്മാരേക്കാൾ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുക്കുന്ന കുട്ടിയുടെ പ്രായം പരിഗണിക്കാതെ എല്ലാ അമ്മമാർക്കും പ്രസവാവധി ആനുകൂല്യങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് പ്രസവാവധി നിഷേധിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ കോടതി റദ്ദാക്കി.

tRootC1469263">

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ എൽ ഒ) പഠനങ്ങൾ ഉദ്ധരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ശമ്പളമില്ലാത്ത വീട്ടുജോലികൾ കൂടി കണക്കിലെടുക്കുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ സമയം അധ്വാനിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടുജോലികളുടെയും പരിചരണത്തിൻ്റെയും ഉത്തരവാദിത്തം പ്രാഥമികമായി സ്ത്രീകളുടെ മേൽ ചുമത്തുന്ന സാമൂഹിക രീതിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കുട്ടികളെ വളർത്തുന്നതിനും പരിചരിക്കുന്നതിനുമായി സ്ത്രീകൾ പലപ്പോഴും തങ്ങളുടെ വരുമാനവും കരിയറിലെ പുരോഗതിയും ത്യാഗം ചെയ്യാറുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും മുതൽ മെഡിക്കൽ സന്ദർശനങ്ങളും ദൈനംദിന ഗാർഹിക ആവശ്യങ്ങളും കൈകാര്യം ചെയ്യുന്നത് വരെയുള്ള പരിചരണ പ്രവർത്തനങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണെന്നും എന്നാൽ പലപ്പോഴും അവ അംഗീകരിക്കപ്പെടുകയോ പ്രതിഫലം ലഭിക്കാതിരിക്കുകയോ ചെയ്യുന്നുവെന്ന് വിധിന്യായത്തിൽ ഊന്നിപ്പറഞ്ഞു.

വീടിനുള്ളിലെ പരിചരണ ജോലികൾ സാമ്പത്തിക വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണെങ്കിലും അവ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുകയാണ്. ഇത്തരം ജോലികൾ കേവലം വ്യക്തിപരമായ കാര്യമല്ല, മറിച്ച് സമ്പദ്വ്യവസ്ഥയുടെ നിർണായക ഘടകമാണെന്ന് കോടതി പറഞ്ഞു. വീടിനുള്ളിലെ പരിചരണം മറ്റു കുടുംബാംഗങ്ങളെ ജോലിസ്ഥലത്ത് ഉൽപ്പാദനക്ഷമമായി പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്നു. രക്ഷാകർതൃത്വം എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും പങ്കാളിത്ത ഉത്തരവാദിത്തമാണെന്നും നിരീക്ഷിച്ച കോടതി, പുരുഷന്മാർക്കായി പിതൃത്വ അവധി (Paternity Leave) പോളിസി കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ജോലിസ്ഥലത്തെ തുല്യ പങ്കാളിത്തവും പരിചരണ ജോലികളും തമ്മിലുള്ള വൈരുദ്ധ്യത്തെ സൂചിപ്പിക്കുന്ന 'വോൾസ്റ്റോൺക്രാഫ്റ്റ് ഡിലെമ' (Wollstonecraft Dilemma) സങ്കൽപ്പവും കോടതി വിധിയിൽ പരാമർശിച്ചു. പ്രസവാവധി ആനുകൂല്യങ്ങൾ എന്നത് കേവലം ഔദാര്യമല്ല, മറിച്ച് ലിംഗസമത്വം ഉറപ്പാക്കുന്നതിനുള്ള മാർഗമാണെന്നും കോടതി വ്യക്തമാക്കി. പ്രസവത്തിലൂടെയോ ദത്തെടുക്കലിലൂടെയോ ഒരു കുട്ടി എത്തുമ്പോൾ ആദ്യ മാസങ്ങളിൽ തീവ്രമായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. ഈ സാഹചര്യത്തിൽ പ്രസവാവധി ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് സ്ത്രീകളുടെ മേൽ അനാവശ്യമായ ഭാരം അടിച്ചേൽപ്പിക്കലാകുമെന്നും കോടതി കൂട്ടിച്ചേർത്തു.

Tags