സ്ത്രീസുരക്ഷയിലും മയക്കുമരുന്ന് വേട്ടയിലും വിട്ടുവീഴ്ചയില്ല ; വിജയ്
ചെന്നൈ : സുതാര്യവും സത്യസന്ധവും അഴിമതിരഹിതവുമായ ഒരു ഭരണം ആഗ്രഹിച്ചാണ് ജനങ്ങൾ ഈ സർക്കാരിനെ തിരഞ്ഞെടുത്തതെന്നും അതിനാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ അധികാരികളും പൊലീസും 'സീറോ ടോളറൻസ്'നയം സ്വീകരിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പോക്‌സോ കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ യാതൊരുവിധ കാലതാമസവും ഉണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.
സ്ത്രീകളുടെ സുരക്ഷക്ക് തന്നെയാണ് മുൻഗണന. ഇവർക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളിൽ യാതൊരുവിധ മാറ്റങ്ങളോ വിട്ടുവീഴ്ചകളോ വരുത്താൻ പാടില്ല. ജില്ലാ കളക്ടർമാരും പൊലീസ് സൂപ്രണ്ടുമാരും ഇത് ഉറപ്പാക്കണം. കുട്ടികളുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളുകൾക്ക് സമീപമുള്ള കടകൾ കർശനമായി നിരീക്ഷിക്കുകയും മയക്കുമരുന്ന് വിൽപന തടയാൻ ആവശ്യമെങ്കിൽ പരിശോധനകൾ നടത്തുകയും വേണം. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഉടനടി നടപടി സ്വീകരിക്കണം.
വിജയം കൈവരിക്കുന്ന വിദ്യാർഥികൾ ജാതിവിവേചനങ്ങൾക്കതീതമായി ചിന്തിക്കുമ്പോഴേ വിദ്യാഭ്യാസം ഒരു ആഘോഷമായി മാറൂ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന മുൻവിധികൾ ഇല്ലാതാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. പരാതികളുമായി സമീപിക്കുന്ന ജനങ്ങളോട് തികച്ചും മാനുഷിക പരിഗണനയോടെയും നിഷ്പക്ഷമായും പെരുമാറണമെന്നും വിജയ് പറഞ്ഞു.
ഭരണഘടനയുടെയും നിയമത്തിന്റെയും പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാം. സുതാര്യതയായിരിക്കണം ഭരണത്തിന്റെ അടിസ്ഥാന തത്വം. സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നതിനൊപ്പം, ഔദ്യോഗിക പരിശോധനകൾക്കായി എത്തുന്ന ജില്ലാ മന്ത്രിമാരുമായും എം.എൽ.എമാരുമായും ഉദ്യോഗസ്ഥർ പൂർണ്ണമായി സഹകരിക്കണം. ബാലവിവാഹം പോലുള്ള തന്ത്രപ്രധാനമായ വിഷയങ്ങളെ സാമൂഹിക പ്രതിബദ്ധതയോടെ സമീപിക്കണമെന്നും വിജയ് കൂട്ടിച്ചേർത്തു.
മലയോര മേഖലകളിൽ വ്യാജമദ്യം നിർമിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണം. മയക്കുമരുന്ന് ഉപയോഗം പൂർണ്ണമായി ഇല്ലാതാക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കണം. ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ വ്യവസായ മേഖലകളിൽ മയക്കുമരുന്ന് ഉപയോഗം ഇല്ലെന്ന് ഉറപ്പാക്കാൻ ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരണമെന്നും വിജയ് പറഞ്ഞു.
.jpg)

