ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ; ഭർത്താവ് അറസ്റ്റിൽ

Woman's body found in suitcase in Bengaluru; husband arrested
Woman's body found in suitcase in Bengaluru; husband arrested

ബെംഗളൂരു: കർണാടകയിലെ ഹുളിമാവിലെ വീട്ടിൽ സ്യൂട്ട്കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 32കാരിയായ ഗൗരി അനിൽ സാംബേകറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷ് പിടിയിലായി. പുനെയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

രാകേഷ് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു പൊലീസ് സ്ഥലത്തെത്തി. ഹുളിമാവ് പൊലീസ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിൽ കണ്ടെത്തി. അകത്തുകടന്നപ്പോൾ കുളിമുറിയിൽ സ്യൂട്ട്കേസ് കണ്ടെത്തിയെന്ന് പൊലീസ് ഓഫീസറായ സാറ ഫാത്തിമ പറഞ്ഞു. ഫോറൻസിക് സംഘം സ്യൂട്ട്കേസ് തുറന്നപ്പോൾ അതിനുള്ളിൽ മൃതദേഹമായിരുന്നു.

കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും അറിയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു. ഗൌരിയുടെ ഭർത്താവ് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം രാകേഷ് പുനെയിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യംചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. 

മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികൾ രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. രണ്ട് മാസം മുമ്പാണ് ജോലിക്കായി ബെംഗളൂരുവിലേക്ക് താമസം മാറിയത്. ഐടി കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു രാകേഷ്. ഗൌരി തൊഴിൽ അന്വേഷണത്തിലായിരുന്നു. 

Tags

News Hub