ഉത്തർപ്രദേശിൽ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി അധിക്ഷേപിച്ച് യുവതിയുടെ പരാക്രമം
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ പാർപ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരെ യുവതി ക്രൂരമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നു. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ബിസ്രാഖ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ‘സെഞ്ചൂറിയൻ പാർക്ക് ടെറസ് ഹോംസ്’ സൊസൈറ്റിയിലാണ് മാനവികതയെ ചോദ്യം ചെയ്യുന്ന ഈ അതിക്രമം അരങ്ങേറിയത്. ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ച ഡെലിവറി ബോയിയെ സൊസൈറ്റിയുടെ പ്രധാന ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.
ഭക്ഷണം ലഭിക്കാൻ അൽപ്പം വൈകിയെന്നാരോപിച്ച് ഗേറ്റിലെത്തിയ യുവതി ജീവനക്കാരോട് യാതൊരു മടിയുമില്ലാതെ കയർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്ന വീഡിയോയിൽ യുവതി സെക്യൂരിറ്റി ജീവനക്കാരെ പരസ്യമായി ചീത്തവിളിക്കുന്നതും പോലീസിനെ വിളിക്കാൻ വെല്ലുവിളിക്കുന്നതും വ്യക്തമാണ്. തർക്കത്തിനിടെ കസേരയിലിരിക്കുകയായിരുന്ന ഒരു ജീവനക്കാരനെ യുവതി ചവിട്ടാൻ ഓങ്ങുന്നതും, മറ്റൊരു ജീവനക്കാരന്റെ മുഖത്തടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
“നീയെന്റെ മുന്നിൽ ഒന്നുമല്ല, നിന്നെക്കൊണ്ട് ഞാൻ എന്റെ ഷൂസ് തുടപ്പിക്കും” എന്ന് യുവതി ഒരു ജീവനക്കാരനോട് അലറുന്നത് വീഡിയോയിൽ കാണാം. സാധാരണക്കാരായ ജീവനക്കാരുടെ സാമ്പത്തിക ചുറ്റുപാടുകളെ പരിഹസിച്ചും കായികമായി ഉപദ്രവിക്കുമെന്ന് ആക്രോശിച്ചുമാണ് യുവതി രംഗത്തുവന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡെലിവറി ബോയിയെ ഗേറ്റിൽ തടയാനുണ്ടായ കാരണത്തെക്കുറിച്ചും യുവതിയുടെ അതിക്രമത്തെക്കുറിച്ചും ബിസ്രാഖ് പോലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

