വാഷ് റൂം ഉപയോഗിക്കാന്‍ അനുമതി ചോദിച്ചു, ഡെലിവറി ഏജന്റിനോട് 'നോ' പറഞ്ഞ യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; പ്രതി അറസ്റ്റില്‍

arrest

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ ഡെലിവറിക്കിടെ ഫ്‌ലാറ്റില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ഡെലിവറി ഏജന്റ് അറസ്റ്റില്‍. വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി നഗ്‌നത കാണിച്ചു എന്ന് കാട്ടി യുവതി സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പൊലീസിന്റെ നടപടി. സംഭവത്തില്‍ മാറത്തഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ബെംഗളൂരു മാറത്തഹള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ കഴിഞ്ഞ ദിവസം നടന്ന ഈ സംഭവത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഡെലിവറി ചെയ്യാനാണ് ഏജന്റ് ഫ്‌ലാറ്റിലെത്തിയത്. ഡെലിവറിക്ക് ശേഷം ഇയാള്‍ യുവതിയോട് വാഷ് റൂം ഉപയോഗിക്കാന്‍ അനുമതി ചോദിച്ചു. വീട്ടില്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ യുവതി അനുമതി നിഷേധിച്ചു. എന്നാല്‍ ഇതു വകവയ്ക്കാതെ ഡെലിവറി ഏജന്റ് വീട്ടിനുള്ളില്‍ പ്രവേശിക്കുകയും യുവതിക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തുകയുമായിരുന്നു. അപകട സാധ്യത മുന്നില്‍ക്കണ്ട് യുവതി ദൃശ്യങ്ങളെല്ലാം ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തി.

ഇതിന് പിന്നാലെയാണ് ഇവര്‍ ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മാറത്തഹള്ളി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിജയ് മല്ലികാര്‍ജുന്‍ കാമത്താണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Tags