ബീഹാറില്‍ യുവതിക്ക് നേരെ പരസ്യമായ ബലാത്സംഗശ്രമം ; 20 കാരിയെ രക്ഷിക്കാതെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാര്‍

police

യുവതിയെ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ അവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു.

 ബീഹാറിലെ നളന്ദ ജില്ലയില്‍ ഇരുപതുകാരിയ്ക്ക് നേരെ പരസ്യമായ ബലാത്സംഗ ശ്രമം നടത്തി മൂന്നംഗ സംഘം. മാര്‍ച്ച് 26-ന് വൈകുന്നേരം നൂര്‍സരായ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ അവരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
അതിക്രമം നടക്കുമ്പോള്‍ സഹായത്തിനായി യുവതി ഉറക്കെ നിലവിളിച്ചെങ്കിലും രക്ഷിക്കാന്‍ തയ്യാറാകാതെ സമീപത്തുണ്ടായിരുന്നവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.
പ്രതികളെ തടയുന്നതിന് പകരം നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത്. യുവതിയുടെ നിലവിളി ശക്തമായതോടെ പ്രതികള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടത്. എന്നാല്‍, പിന്നീട് പൊലീസ് ഇവരെ പിടികൂടുകയും ചെയ്തു.

സംഭവത്തില്‍ മാര്‍ച്ച് 27-ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അശോക് യാദവ്, മാതൃ മഹാതോ (നവനീത് കുമാര്‍) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. നിലവില്‍ പ്രതികള്‍ റിമാന്‍ഡിലാണ്.
ഒളിവിലുള്ള മൂന്നാം പ്രതി രവികാന്ത് കുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


 

Tags