‘അമ്മയാകണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം സ്ത്രീക്ക് മാത്രമാണ്’ ; 23-കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി
ഗർഭസ്ഥശിശുവിനെ വളർത്തണോ അതോ ഗർഭച്ഛിദ്രം നടത്തണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഗർഭിണിയായ സ്ത്രീക്കാണെന്ന നിർണ്ണായക വിധിയുമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്ത്രീ അമ്മയാകണമെന്ന് നിയമം ഒരിടത്തും നിഷ്‌കർഷിക്കുന്നില്ലെന്നും പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് സ്വന്തം ഗർഭത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി വ്യക്തമാക്കി. പരാജയപ്പെട്ട ഒരു പ്രണയബന്ധത്തിന്റെ പേരിൽ താൽപ്പര്യമില്ലാത്ത ഗർഭം തുടരാനോ അമ്മയാകാനോ ഒരു സ്ത്രീയെ നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്നും, സ്ത്രീകളുടെ ഈ വിവേചനാധികാരത്തെ സംരക്ഷിക്കുകയാണ് കോടതികളുടെ ചുമതലയെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
പ്രണയബന്ധത്തിനിടെ ഗർഭിണിയായ ഇരുപത്തിമൂന്നുകാരി, കാമുകൻ കൈയൊഴിഞ്ഞതിനെത്തുടർന്ന് ഗർഭച്ഛിദ്രത്തിന് അനുമതി തേടി നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഈ ചരിത്രവിധി ഉണ്ടായത്. തന്നെ വിവാഹം കഴിക്കാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നുവെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് തിരുനെൽവേലി സ്വദേശിയായ യുവാവ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഗർഭച്ഛിദ്രത്തിന്റെ വിഷയം കോടതിക്ക് മുന്നിലെത്തുന്നത്. യുവതിയെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും യുവാവ് അത് പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് പങ്കാളി ഇല്ലാത്തതിനാൽ ഗർഭവുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചത്.
നിലവിൽ 15 ആഴ്ച ഗർഭിണിയായ യുവതിയുടെ ആരോഗ്യസ്ഥിതി ആദ്യം തൃപ്തികരമല്ലെന്ന് തിരുനെൽവേലി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം സുരക്ഷിതമായി ഗർഭച്ഛിദ്രം നടത്താനും, ഭാവിയിൽ കേസിന്റെ ആവശ്യങ്ങൾക്കായി ഡിഎൻഎ സാംപിളുകൾ സൂക്ഷിച്ചുവെക്കാനും കോടതി മെഡിക്കൽ കോളേജ് അധികൃതർക്ക് കർശന നിർദ്ദേശം നൽകി. പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ് ഈ കോടതി ഉത്തരവ്.
.jpg)

