തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുത്ത സഹായി ചർച്ചക്കെന്ന പേരിൽ തന്നെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു ; ആരോപണവുമായി വനിതാ സംഭംരക
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അടുത്ത സഹായി ചർച്ചക്കെന്ന പേരിൽ തന്നെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവെന്ന ആരോപണവുമായി വനിതാ സംഭംരക. ഹൈദരാബാദ് ആസ്ഥാനമായ മിഥുന ആഡ്സിന്റെ ഉടമ കെ. ശോഭ റെഡ്ഡിയാണ് സമൂഹമാധ്യമമായ എക്സിൽ മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ സഹായിയെന്ന് പറയുന്ന വ്യക്തിയുടെ പേര് യുവതി വെളിപ്പെടുത്തിയിട്ടില്ല.
ഔട്ട്ഡോർ പരസ്യ മേഖലയിലെ അവസരങ്ങൾക്കായി കഴിഞ്ഞ മൂന്ന് വർഷമായി നിയമാനുസൃതമായി ശ്രമിച്ചുവരികയാണ്. സ്ഥിരം ടെൻഡറുകൾ ക്ഷണിക്കുന്നതുവരെ താൽക്കാലികമായി പ്രവർത്തിക്കാൻ റവന്യൂ ഷെയറിങ് അടിസ്ഥാനത്തിലുള്ള നിർദേശങ്ങളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തന്റെ വിഷയം സർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളെന്ന് കരുതുന്ന വ്യക്തി തന്നെ സമീപിച്ചെന്ന് ശോഭ റെഡ്ഡി പറയുന്നു.
വിഷയം ചർച്ച ചെയ്യുന്നതിനായി ഗസ്റ്റ് ഹൗസിലേക്ക് വരാൻ വ്യക്തി തന്നോട് നേരിട്ട് ആവശ്യപ്പെട്ടെന്നും എന്നാൽ ആരുടെയും പേര് പരസ്യമായി പറയാൻ തനിക്ക് താൽപര്യമില്ലെന്നും ശോഭ റെഡ്ഡി വ്യക്തമാക്കി. ഒരു വനിതാ സംരംഭക എന്ന നിലയിൽ നിയമാനുസൃതമായ ബിസിനസ് അവസരമാണ് ആവശ്യപ്പെടുന്നതെന്നും ഇത്തരം കാര്യങ്ങൾ ഔദ്യോഗികവും സുതാര്യവും മാന്യവുമായ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യണമെന്നും അവർ പറഞ്ഞു. പ്രത്യേക പരിഗണനയല്ല, നിയമാനുസൃതമായ അവസരവും തുല്യ പരിഗണനയും മാന്യതയുമാണ് താൻ ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, വനിതാ സംരംഭകയുടെ ആരോപണം പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ അടുത്തയാൾ ആരാണെന്നും ഒരു വനിതാ സംരംഭകയെ ഔദ്യോഗിക ബിസിനസ് വിഷയത്തിൽ ചർച്ച ചെയ്യാൻ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചതായി പറയുന്നതിന്റെ സാഹചര്യം എന്താണെന്നും ബി.ആർ.എസ് നേതാവ് എം. കൃഷ്ണാങ്ക് ചോദിച്ചു. അതേസമയം, യുവതിയുടെ ആരോപണവുമായി ബന്ധപ്പെട്ട് തെലങ്കാന സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫിസോ പൊലീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
.jpg)

