ഭര്‍ത്താവിനൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങിയ യുവതി കൊല്ലപ്പെട്ട സംഭവം ; പ്രതി ഭര്‍ത്താവ് ; സത്യം കണ്ടെത്തി പൊലീസ്

murder

വീട്ടില്‍ കവര്‍ച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നെന്ന അന്‍ഷുലിന്റെ വാദമാണ് പൊലീസ് പൊളിച്ചത്.

ഭര്‍ത്താവിനൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിച്ച് പൊലീസ്. ആസൂത്രണം നടത്തി ഭര്‍ത്താവ് അന്‍ഷുല്‍ ധവാന്‍ തന്നെയാണ് മഹക്കിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ കവര്‍ച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നെന്ന അന്‍ഷുലിന്റെ വാദമാണ് പൊലീസ് പൊളിച്ചത്. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ ബഹാദുര്‍ഗഡിലാണ് സംഭവം.

tRootC1469263">

വാലന്റൈന്‍സ് ദിനത്തിലെ സായാഹ്നം ഒരുമിച്ച് ചെലവഴിച്ച യുവ ദമ്പതികള്‍ തുടര്‍ന്ന് അത്താഴം കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെയായിരുന്നു മഹക്കിന്റെ കൊലപാതകം. പിറ്റേന്ന് രാത്രി 11 മണിയോടെ പൊലീസിനെ വിളിച്ച് അജ്ഞാതരായ അക്രമികള്‍ തങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറത്തെന്നും അറിയിച്ചു. എന്നാല്‍ അന്വേഷണം ആരംഭിച്ചതോടെ അന്‍ഷുലിന്റെ മൊഴികളിലെ നിരവധി പൊരുത്തക്കേടുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ തുടര്‍ച്ചയായി മൊഴി മാറ്റിപറഞ്ഞു. അക്രമികളെ കുറിച്ച് ഇയാള്‍ക്ക് വിവരിക്കാന്‍ കഴിയാതിരുന്നത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു.
തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്‍ഷുല്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി. പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയ അന്‍ഷുല്‍ ഒടുവില്‍ കുറ്റം സമ്മതിച്ചു. ഗുരുഗ്രാമിലെ ബാങ്കില്‍ ജോലി ചെയ്തിരുന്ന മഹക്കിന്റെ സ്വഭാവത്തില്‍ അന്‍ഷുലിന് സംശയമുണ്ടായിരുന്നുവെന്നും ഇത് അവര്‍ക്കിടയില്‍ പതിവ് വഴക്കുകള്‍ക്കു കാരണമായെന്നും പൊലീസ് പറഞ്ഞു. ഈ സംശയമാണ് ഒടുവില്‍ മഹക്കിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
അന്‍ഷുല്‍ മഹക്കിനെ ശ്വാസം മുട്ടിക്കുകയും തുടര്‍ന്ന് കത്രിക ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു. വിരലടയാളങ്ങള്‍ പതിയാതിരിക്കാന്‍ അന്‍ഷുല്‍ കയ്യുറകള്‍ ധരിച്ചാണ് കൊലപാതകം നടത്തിയത്. ഹിസാര്‍ സ്വദേശിയായ അന്‍ഷുലും ഹാന്‍സി സ്വദേശിനിയായ മഹക്കും കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 25നാണ് വിവാഹിതരായത്.
 

Tags