എംപിയുടെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു; റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു

murder

ഓഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂര്‍ ഹോട്ടലിന് സമീപത്തായിരുന്നു അപകടം.

രാജ്യസഭാ എംപിയുടെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. ഹൈദരാബാദ് മാധാപുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി(26)യാണ് മരിച്ചത്. സംഭവത്തില്‍ രാജ്യസഭാ എംപിയായ ലിംഗമനേനി രമേശിന്റെ മകന്‍ ലിംഗമനേനി സഞ്ജുഷി(21)നെതിരേ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഓഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂര്‍ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇന്‍ഓര്‍ബിറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ്‌സ്‌റ്റൈല്‍ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ഇതേ കാറില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ജനസേന പാര്‍ട്ടിയുടെ രാജ്യസഭാംഗവും വ്യവസായിയുമായ ലിംഗമനേനി രമേശിന്റെ മകന്‍ സഞ്ജുഷ് ആണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നോട്ടീസ് നല്‍കിയതായും മാധാപുര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

Tags