മക്കൾ ഉറങ്ങിയ ശേഷം യുവതി ജീവനൊടുക്കി ; ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെ തുടർന്നെന്ന് കുടുംബം

Woman commits suicide after children fall asleep; Family says she was threatened with digital arrest

ബിജ്നോർ: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന് പരാതി. ഉത്തർ പ്രദേശിലെ ബിജ്നോറിലാണ് സംഭവം. 28കാരിയായ മോണിക്കയാണ് ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ചത്. എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പെൺമക്കൾ ഉറങ്ങിയ ശേഷമായിരുന്നു മോണിക്കയുടെ കടുംകൈ. വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഭീഷണി നേരിട്ടിരുന്നതായി മോണിക്ക കുറിച്ചിട്ടുണ്ട്. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 108 പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബിജ്നോർ സ്വദേശിയായ രൺധീറിൻ്റെ ഭാര്യ ആണ് മോണിക്ക. രാവിലെ മക്കൾ ഉറക്കുമുണർന്ന് നോക്കിയപ്പോഴാണ് ചേതനയറ്റ നിലയിൽ മോണിക്കയെ കണ്ടത്. ആദ്യഘട്ടത്തിൽതന്നെ കുടുംബത്തിന് സംശയം തോന്നിയിരുന്നെങ്കിലും സമൂഹം എന്ത് ചിന്തിക്കുമെന്ന് ഭയന്ന് പോലീസിനെ അറിയിക്കാതെ, മൃതദേഹം സംസ്കരിക്കുകയായിരുന്നു. മോണിക്കയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെ ആണ് കുടുംബത്തിന് ഡിജിറ്റൽ അറസ്റ്റ് ഭീഷണിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ആത്മഹത്യാക്കുറിപ്പിൽ ഇളയമകളെ അഭിസംബോധന ചെയ്ത മോണിക്ക, ക്ഷമിക്കണമെന്നും അമ്മയ്ക്ക് മരിക്കണമെന്നും കുറിച്ചിട്ടുണ്ട്. താൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ഭർത്താവിനെ അഭിസംബോധന ചെയ്ത് മോണിക്ക എഴുതിയിട്ടുണ്ട്. "എനിക്ക് കുറച്ചുകാര്യം പറയാനുണ്ട്, കുറച്ചല്ല, ഒരുപാടുണ്ട്. കുറച്ചു ദിവസമായി എന്നെ ഒരാൾ ഭീഷണിപ്പെടുത്തുകയാണ്. അയാൾ എന്നെ നാളുകളായി സമ്മർദത്തിലാക്കുകയാണ്. ഇതേ തുടർന്ന് ഞാൻ കടുംകൈ ചെയ്യുകയാണ്. പറ്റുമെങ്കിൽ എന്നോട് ദയവായി ക്ഷമിക്കുക"- ഭർത്താവിനെ അഭിസംബോധന ചെയ്ത് മോണിക്ക കുറിച്ചു.

കുടുംബാംഗങ്ങൾ മോണിക്കയുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ വിവിധ നമ്പറുകളിൽ നിന്നുള്ള ഒന്നിലധികം വാട്സ്ആപ്പ് കോളുകളും മെസേജുകളും ഓഡിയോ റെക്കോഡിങ്ങുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് ഒരാൾ മോണിക്കയെ ബന്ധപ്പെട്ടതായും ഗുരുതര കുറ്റങ്ങൾ ചുമത്തി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആണ് ഡിജിറ്റൽ അറസ്റ്റാണോയെന്ന് കുടുംബാംഗങ്ങൾ സംശയിച്ചത്. മോണിക്കയുടെ സംസ്കാരച്ചടങ്ങുകൾക്കിടയിലും ഫോണിലേക്ക് കോളുകൾ വന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.

മോണിക്കയുടെ ഫോണിലേക്ക് വന്ന വീഡിയോ കോളുകളിൽ ഒന്ന് എടുത്തപ്പോൾ, പോലീസിൻ്റേതിന് സമാനമായ യൂണിഫോം ധരിച്ച ഒരാളാണ് മറുപുറത്ത് ഉണ്ടായിരുന്നതെന്ന് മോണിക്കയുടെ ബന്ധു പറഞ്ഞു. ക്രൈം ബ്രാഞ്ച് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, മോണിക്കയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മരണപ്പെട്ടുവെന്ന് പറ‍ഞ്ഞപ്പോൾ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. ഭർത്താവ് രൺധീറിൻ്റെ പരാതിയിൽ കോട്ട്‍വാലി പോലീസ് എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags