മരിച്ചതായി പൊലീസ് 'സ്ഥിരീകരിച്ച' യുവതി ഒരു മാസത്തിനുശേഷം സ്റ്റേഷനില്‍ ജീവനോടെയെത്തി ; കൊലപ്പെടുത്തിയെന്ന പേരില്‍ അറസ്റ്റിലായ പിതിവിനേയും സഹോദരനേയും വിട്ടയക്കും

police

മഹാരാഷ്ട്ര പൊലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച ശിവാനി വ്യാഴാഴ്ച മൊഴി രേഖപ്പെടുത്താന്‍ ജല്‍ഗാവ്-ജാമോദ് പൊലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു.

മരിച്ചതായി പൊലീസ് 'സ്ഥിരീകരിച്ച' യുവതി ഒരു മാസത്തിനുശേഷം സ്റ്റേഷനില്‍ ജീവനോടെയെത്തി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരിലാണ് സംഭവം. ഏപ്രിലിലാണ് ഖക്‌നാര്‍ മേഖലയില്‍ ഖഡ്കി ഗ്രാമത്തില്‍ താമസിക്കുന്ന ശിവാനി കല്‍മേക്കറെന്ന പെണ്‍കുട്ടിയെയും അരുണ്‍ ദാദു കല്‍മേക്കര്‍ എന്ന 24-കാരനെയും കാണാതായതായി പരാതി ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബുല്‍ദാന ജില്ലയിലെ ജല്‍ഗാവ് ജാമോദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രജുര അണക്കെട്ടിന് സമീപം ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. അത് ശിവാനിയുടേതാണെന്ന് പൊലീസ് പ്രഖ്യാപിക്കുകയായിരുന്നു. അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

ഭാഗികമായി കത്തിക്കരിഞ്ഞ അജ്ഞാത യുവതിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് പോലും വിധേയമാക്കാതെയാണ് പൊലീസ് ശിവാനിയുടേതാണെന്ന് ഉറപ്പിച്ചത്. തുടര്‍ന്നാണ് മഹാരാഷ്ട്ര പൊലീസ് ശിവാനിയുടെ പിതാവ് ബാപുരം കല്‍മേക്കര്‍ (55), സഹോദരന്‍ അജയ് കല്‍മേക്കര്‍ (27) എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഖക്‌നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശിവാനിയെയും അരുണിനെയും കണ്ടെത്തി. മഹാരാഷ്ട്ര പൊലീസ് ഔദ്യോഗികമായി മരിച്ചതായി പ്രഖ്യാപിച്ച ശിവാനി വ്യാഴാഴ്ച മൊഴി രേഖപ്പെടുത്താന്‍ ജല്‍ഗാവ്-ജാമോദ് പൊലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു.


'ഞങ്ങളുടെ അന്വേഷണത്തില്‍, മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം അരുണ്‍ ജോലി ചെയ്യുന്നുണ്ടെന്നും ശിവാനി അയാള്‍ക്കൊപ്പം താമസിക്കുന്നുണ്ടെന്നും കണ്ടെത്തി', പൊലീസ് പറഞ്ഞു. കിട്ടിയ മൃതദേഹം ശിവാനിയുടേതാണെന്ന് പ്രഖ്യാപിക്കുകയും പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ്.

Tags