ഗുഡ്സ് ട്രെയിന് താഴെ ട്രാക്കിൽ അകപ്പെട്ട് സ്ത്രീ; തലനാരിഴയ്ക്ക് രക്ഷപ്പെടൽ - വൈറലായി വിഡിയോ


ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ടിട്ടും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സ്ത്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവന്ദഗിയിക്ക് സമീപമാണ് സംഭവം. ട്രെയിനിനടിയിൽ വിലങ്ങനെ വീണതുകാരണമാണ് സ്ത്രീ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.\
മുപ്പത് സെക്കൻഡുള്ള വിഡിയോയിൽ പാളത്തിലൂടെ നീങ്ങുന്ന ഗുഡ്സ് ട്രെയിനിന് താഴെ സ്ത്രീ കിടക്കുന്നത് കാണാം. ഇടയ്ക്ക് സ്ത്രീ തല ഉയർത്താൻ ശ്രമിച്ചെങ്കിലും, ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന വ്യക്തി, തല താഴ്ത്തി വയ്ക്കാൻ നിർദേശിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
ഗുഡ്സ് ട്രെയിൻ കടന്നുപോയി വൈകാതെ തന്നെ സ്ത്രീ ട്രാക്കിൽ നിന്ന് എഴുന്നേറ്റു പോകുകയും ചെയ്തു. യുവതി എങ്ങനെയാണ് ട്രെയിന് അടിയിൽ അകപ്പെട്ടതെന്നടക്കമുള്ള ചോദ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
