ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവതിയും കാമുകനും
ബെംഗളൂരു: ബെംഗളൂരുവിൽ കൂട്ടക്കൊലപാതകം. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി മൂത്തമകളും ആൺസുഹൃത്തും. സീഗഹള്ളിയിലെ സായി ഗ്രീൻ അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മൂത്തമകൾ ശ്വേതയും ആൺസുഹൃത്ത് കെന്നത്തും ഒളിവിലാണ്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. കെന്നത്തുമായി ശ്വേത വീട്ടിലെത്തി. ഈ സമയം അമ്മ മുത്തുലക്ഷ്മി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടെ മുത്തുലക്ഷ്മിയുമായി ശ്വേതയും കെന്നത്തും തർക്കത്തിലേർപ്പെടുകയും വാൾ ഉപയോഗിച്ച് ഇവർ മുത്തുലക്ഷ്മിയെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ മുത്തുലക്ഷ്മി മരിച്ചു. കൊലപാതകത്തിന് ശേഷം നിലത്തുണ്ടായിരുന്ന രക്തക്കറ ശ്വേതയും കെന്നത്തും ചേർന്ന് തുടച്ചുനീക്കി.
സംഭവത്തിന് പിന്നാലെ സുപ്രിയ വീട്ടിലേക്ക് എത്തി. ഈ സമയം ശ്വേത സുപ്രിയയെ തടഞ്ഞുവെയ്ക്കുകയും കെന്നത്ത് വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സുപ്രിയ തൽക്ഷണം മരിച്ചു. ഇതിനിടെയാണ് സോമസുന്ദർ വീട്ടിലേക്ക് എത്തുന്നത്. ഇതേ വടിവാൾ ഉപയോഗിച്ച് സോമസുന്ദറിനേയും ഇരുവരും ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ സോമസുന്ദർ വീടിന് പുറത്തേയ്ക്ക് ഓടി. എന്നാൽ വഴിയിൽ വീണ് മരിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മൂന്ന് പേരുടേയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
കെന്നത്തുമായുള്ള ശ്വേതയുടെ ബന്ധത്തിന് മാതാപിതാക്കൾ എതിരായിരുന്നു. ഇതാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് പുറമേ ശ്വേതയ്ക്ക് 30 ലക്ഷത്തോളം രൂപയുടെ കടമുണ്ടായികുന്നു. ഇതേപ്പറ്റി മാതാപിതാക്കൾ ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നാണ് പൊലീസ് കരുതുന്നത്. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
.jpg)

