സ്വര്‍ണക്കടയില്‍ നിന്ന് ഹാള്‍ മാര്‍ക്കിങിനായി കൊണ്ടുപോയ മൂന്ന് കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങളുമായി ജീവനക്കാരന്‍ മുങ്ങി


സ്വര്‍ണവുമായി ജീവനക്കാരന്‍ മുങ്ങിയെന്നാണ് അനുമാനം.
സ്വര്‍ണക്കടയില്‍ നിന്ന് ഹാള്‍ മാര്‍ക്കിങിനായി കൊണ്ടുപോയ മൂന്ന് കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങളുമായി ജീവനക്കാരനെ കാണാതായി. ഇയാളെ ഫോണില്‍ വിളിച്ചിട്ട് പോലും കിട്ടുന്നില്ലെന്ന് കാണിച്ച് ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കി. 2.8 കോടിയോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. സ്വര്‍ണവുമായി ജീവനക്കാരന്‍ മുങ്ങിയെന്നാണ് അനുമാനം.
ബംഗളുരു സി.ടി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന മെഹ്ത ജ്വല്ലേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ രാകേഷ് കുമാറാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജ്വല്ലറിയിലെ ജീവനക്കാരനായിരുന്ന രാജസ്ഥാന്‍ സ്വദേശി രാജേന്ദ്രയെയാണ് കാണാതായത്. മറ്റ് സ്വര്‍ണക്കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങി ആഭരണങ്ങള്‍ നിര്‍മിച്ചു കൊടുത്തിരുന്ന സ്ഥാപനമാണ് രാകേഷ് കുമാറിന്റെ മെഹ്ത ജ്വല്ലേഴ്‌സ് . ആഭരണം നിര്‍മിച്ച ശേഷം അവയുടെ ഹാള്‍ മാര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കിയ ശേഷം ഇവ ഓര്‍ഡര്‍ നല്‍കിയ അതത് ജ്വല്ലറികള്‍ക്ക് തന്നെ കൈമാറുന്നതാണ് ഇവരുടെ രീതി. ഒരു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് ഇപ്പോള്‍ കാണാതായ രാജേന്ദ്ര.
ഹാള്‍ മാര്‍ക്കിങിന് വേണ്ടി ലാബിലേക്ക് ആഭരണങ്ങള്‍ കൊണ്ടുപോയിരുന്നതും പിന്നീട് അവ തിരികെ വാങ്ങിക്കൊണ്ട് വരുന്നത് രാജേന്ദ്രയായിരുന്നു. ഏതാനും ദിവസം മുമ്പ് 2.7 കിലോഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍ ആദ്യം ലാബിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം 400 ഗ്രാം ആഭരണങ്ങളും കൊടുത്തുവിട്ടു. കഴിഞ്ഞ ദിവസം ഇവയെല്ലാം തിരികെ വാങ്ങിക്കൊണ്ട് വരാനും ഇയാളെ തന്നെ പറഞ്ഞയച്ചു.

ലാബിലെത്തിയ രാജേന്ദ്ര അവിടെ നിന്ന് 3.1 കിലോഗ്രാം ആഭരണങ്ങള്‍ കൈപ്പറ്റിയെങ്കിലും തിരികെ കടയിലെത്തിയില്ല. ഫോണില്‍ വിളിച്ച് നോക്കിയപ്പോള്‍ കിട്ടുന്നതുമില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്.