തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; പ്രധാനമന്ത്രി
ചെന്നൈയിൽ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്ന് 13,000 കോടി രൂപയുടെ റെയിൽവേ, റോഡ്, പെട്രോളിയം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചെന്നൈ: തമിഴ്‌നാടിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്ന് 13,000 കോടി രൂപയുടെ റെയിൽവേ, റോഡ്, പെട്രോളിയം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച അനുഭവമുള്ളതിനാൽ സംസ്ഥാനങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളും തനിക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ആ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുക മാത്രമല്ല, സംസ്ഥാനങ്ങൾ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ഭരണകൂടങ്ങൾ മാറിവന്നേക്കാം, എന്നാൽ തമിഴ്‌നാടിന്റെ വികസനത്തിനായുള്ള തന്റെ ദൃഢനിശ്ചയത്തിലും അവിടുത്തെ ജനങ്ങളെ സേവിക്കുന്നതിലും യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളെ സേവിക്കുകയെന്ന അതേ പ്രതിബദ്ധതയോടെ മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം തമിഴ്‌നാടിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് അധികാരമേറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുത്ത സുപ്രധാന പൊതുപരിപാടിയായിരുന്നു ഇത്.
.jpg)


