'ബിജെപിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും'; ഒഡിഷയിലെ പുതിയ ഗവര്‍ണറുടെ പ്രസ്താവന വിവാദത്തില്‍

braj mohan ram

പ്രസ്താവന വിവാദമായതോടെ ബിജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ പുതിയ ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തി.

ഒഡിഷയിലെ പുതിയ ഗവര്‍ണറായി നിയമിതനായ ബ്രജ് മോഹന്‍ റാമിന്റെ പ്രസ്താവനയെച്ചൊല്ലി വിവാദം. ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കുമെന്ന് ബ്രജ് റാം മോഹന്‍ പറഞ്ഞതാണ് വിവാദത്തിലായത്. പ്രസ്താവന വിവാദമായതോടെ ബിജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ പുതിയ ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തി.

ഝാര്‍ഖണ്ഡിലെ മുന്‍ ബിജെപി എംപിയും ദളിത് വിഭാഗം നേതാവുമാണ് ബ്രജ് മോഹന്‍ റാം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഒഡിഷ ഗവര്‍ണറായി നിയമിച്ചത്. ഇതിനുപിന്നാലെ റാഞ്ചിയില്‍വെച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവനയുണ്ടായത്. ബിജെപിയുടെ എസ്.സി. മോര്‍ച്ചയെ കൂടുതല്‍ സജീവമാക്കാനും പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ നേടാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നുമായിരുന്നു പുതിയ ഗവര്‍ണര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഒഡിഷയില്‍ ബിജെപിയാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരേയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

ഗവര്‍ണറുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നായിരുന്നു ബിജെഡിയുടെ പ്രതികരണം. ഗവര്‍ണറായിട്ടും അദ്ദേഹം ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് ആവര്‍ത്തിക്കുകയാണെന്നും ഗവര്‍ണറുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്ന വസ്തുത ഉള്‍ക്കൊള്ളാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും ബിജെഡി വിമര്‍ശിച്ചു. ബിജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ നവീന്‍ പട്‌നായിക്കും ഗവര്‍ണറുടെ പ്രസ്താവനയില്‍ ആശങ്ക അറിയിച്ചു. രാഷ്ട്രപതി ഭവനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്താണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അതിനിടെ, വിവാദപ്രസ്താവന നടത്തിയ ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

Tags