അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

Will serve people till my last breath; PM slams Congress

ഗുജറാത്ത് : ജീവിതത്തിന്റെ അവസാന നിമിഷം വരെയും രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിൽ പൂർണ്ണമായി വ്യാപൃതനായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വിവാദ പരാമർശങ്ങൾ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലുള്ള ഭിൽഡിയിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ അതിൽ ആനന്ദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ചടങ്ങിൽ ഭാരത് ബോവിൻ ബ്രീഡിങ് ആൻഡ് റിസർച്ച് സെന്റർ (ബി.ബി.ബി.ആർ.സി) നാടിന് സമർപ്പിച്ച അദ്ദേഹം, 14,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ തറക്കല്ലിടലും നിർവ്വഹിച്ചു. കൂടാതെ, അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) പദ്ധതിയുടെ 24-ാം ഗഡു വിതരണവും വേദിയിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു.

പ്രതിപക്ഷ നേതാക്കളുടെ പേരെടുത്തു പറയാതെ രൂക്ഷവിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. രാജ്യം പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ സന്തോഷിക്കുന്ന ചിലരുണ്ടെന്നും എൽ.പി.ജി, വളം എന്നിവയ്ക്ക് ദൗർലഭ്യം നേരിടുമെന്ന വ്യാജപ്രചാരണം നടത്തി ജനങ്ങളിൽ ഭീതി പരത്താനും അരാജകത്വം സൃഷ്ടിക്കാനും ശ്രമം നടന്നുവെന്നും മോദി ആരോപിച്ചു. എന്നാൽ, എല്ലാ വെല്ലുവിളികൾക്കുമിടയിലും കർഷകർക്ക് ആവശ്യമായ വളം തടസ്സമില്ലാതെ എത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags