പീസ് ബോണ്ട് ഒപ്പിടില്ല; വിയോജിക്കാനുള്ളത് ജനാധിപത്യ അവകാശമെന്ന് നേഹ ബോറ
ദില്ലി: ദില്ലിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ട പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹ ബോറ. പീസ് ബോണ്ട് നോട്ടീസിനെ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യുന്നത് തുടരുമെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ജനാധിപത്യ അവകാശത്തെയും വോട്ടവകാശത്തെയുമാണ് അധികാരികൾ കവരുന്നത്. വോട്ടവകാശം തട്ടിയെടുത്ത സാഹചര്യത്തിലാണ് തെരുവിലിറങ്ങേണ്ടി വന്നത്. പ്രതിഷേധങ്ങളെല്ലാം തികച്ചും സമാധാനപരമായിരുന്നുവെന്നും എന്നാൽ പൊലീസ് വലിയ തോതിലുള്ള അതിക്രമങ്ങളാണ് കാട്ടിയതെന്നും നേഹ ആരോപിച്ചു.
"ഞങ്ങൾ എവിടെ, എങ്ങനെയാണ് സമാധാന അന്തരീക്ഷം തകർത്തതെന്ന് വ്യക്തമാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. സമാധാനം തകർത്തുവെന്ന ആരോപണങ്ങൾക്ക് തെളിവുകൾ നൽകാനും അവർക്കായില്ല. നോട്ടിസിലെ പല വിവരങ്ങളും വസ്തുതാവിരുദ്ധമാണ്. സമാധാനപരമായ പ്രതിഷേധം എങ്ങനെ സമാധാന ലംഘനമാകും? വിയോജിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണ്." നേഹ ബോറ പറഞ്ഞു.
പീസ് ബോണ്ടിൽ ഒപ്പിട്ട അഭിജിത് ദീപ്കെയെ വീടിന് പുറത്ത് വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം നേഹ ചൂണ്ടിക്കാട്ടി. ദേശീയ പതാകയുമായി പുറത്തിറങ്ങുന്നത് എങ്ങനെയാണ് സമാധാന ലംഘനമാകുന്നതെന്നും അവർ ചോദിച്ചു. പൊലീസ് നടപടിയിലൂടെ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കില്ലെന്നും നേഹ ബോറ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
.jpg)


