എട്ടുമാസം ഗർഭിണിയായ ഭാര്യയെ മർദ്ദിച്ചു, ഗർഭസ്ഥശിശു മരിച്ചു ; പ്രതി പിടിയിൽ
ഡെറാഡൂൺ: എട്ടുമാസം ഗർഭിണിയായ ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഡെഹ്‌റാഡൂണിന് സമീപം വികാസ്‌നഗറിൽ താമസിക്കുന്ന സീമയെന്ന യുവതിയാണ് ഭർത്താവിന്റെ അതിക്രമത്തിന് ഇരയായത്. തുടർന്ന് ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തിരുന്നു. ഡൂൺ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചൊവ്വാഴ്ച അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെന്ന് പൊലീസ് അറിയിച്ചു.
ഏഴുവർഷം മുമ്പാണ് ബബ്‌ലൂ എന്നയാളെ സീമ വിവാഹം കഴിച്ചത്. ഹരിയാനയിലെ പാനിപത്ത് സ്വദേശിയായ ബബ്‌ലുവിനും സീമയ്ക്കും രണ്ട് പെൺമക്കളുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീമയും ബബ്‌ലുവും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നാലെ ഇയാൾ ഭാര്യയെ ചവിട്ടുകയും വയറ്റിൽ ശക്തമായി ഇടിക്കുകയും ചെയ്തു. ഇതിന് പുറമേ മരത്തടി ഉപയോഗിച്ചും ഇയാൾ സീമയെ തല്ലി. ഈ അതിക്രമത്തിന്റെ ഫലമായി കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സീമയുടെ പിതാവ് ഷേർ സിങ് മകളെ കാണാൻ വീട്ടിലെത്തിയപ്പോൾ പ്രതി അത് തടഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. സിങ് പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ ദമ്പതിമാരെ സഹസ്പൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ആരോഗ്യനില മോശമായ നിലയിലാണെന്ന് മനസിലായതോടെ സീമയെ ആദ്യം സഹസ്പൂർ ആശുപത്രിയിലും പിന്നീട് അവിടെ നിന്നും ഡൂൺ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പരിശോധനയിൽ ഗർഭസ്ഥശിശു മരിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
സീമയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബബ്‌ലുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി ഭാര്യയെ നിർബന്ധിച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തിയെന്നും അതിനായി പാനിപ്പത്തിലേക്ക് കൊണ്ടുപോയെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. പെൺകുട്ടി ആണെന്ന് അറിഞ്ഞതിനാലാണ് സീമയെ ഉപദ്രവിച്ചതെന്നാണ് ഇവരുടെ വാദം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
.jpg)

