45 കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍ ; 13 കാരനായ മകനും സഹായിച്ചതായി റിപ്പോര്‍ട്ട്

murder

അജ്ഞാതരായ മൂന്നുപേര്‍ കാര്‍ തടഞ്ഞ് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തിയെന്നും തന്റെ 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നുമായിരുന്നു സുജിത ആദ്യം പൊലീസിനോട് പറഞ്ഞത്.

തമിഴ്‌നാട്ടിലെ സേലത്ത് ഇഷ്ടിക വ്യാപാരിയായ 45കാരന്‍ വി. ഭൂപതിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭൂപതിയുടെ ഭാര്യ സുജിത ശ്രീ (31), കാമുകന്‍ സന്തോഷ് രാജ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ഭൂപതിയുടെ 13കാരനായ മകനും സഹായിച്ചതായി പൊലീസ് കണ്ടെത്തി.
ഓമലൂര്‍ശങ്കരി റോഡിലെ ആറ്റുകാര്‍ന്നൂര്‍ സഹകരണ സംഘത്തിന് സമീപം ചൊവ്വാഴ്ചയാണ് ഭൂപതിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തിയത്. അജ്ഞാതരായ മൂന്നുപേര്‍ കാര്‍ തടഞ്ഞ് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തിയെന്നും തന്റെ 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നുമായിരുന്നു സുജിത ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. ബന്ധുക്കളും സുജിതയുടെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ സന്തോഷ് രാജുമായി സുജിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് കണ്ടെത്തിയത്.

സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രി സുജിതയും ഭൂപതിയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ സുജിത ഭൂപതിയെ തള്ളിയതിനെ തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരുക്കേറ്റ് ഭൂപതി ബോധരഹിതനായി. തുടര്‍ന്ന് സുജിത സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം കാറില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിക്കുകയും കവര്‍ച്ച നടന്നതായി വരുത്തിത്തീര്‍ക്കുകയുമായിരുന്നു.
 

Tags