'ടാറ്റയുടെ ഏതെല്ലാം ഭാഗങ്ങളാണ് നിങ്ങളുടെ ചങ്ങാതിക്ക് ലഭിക്കാന്‍ പോകുന്നത്?'; നിര്‍മല സീതാരാമന് മറുപടിയുമായി രാഹുല്‍ ഗാന്ധി
ടാറ്റാ ട്രസ്റ്റ്സിനെയും ടാറ്റാ സണ്‍സിനെയും അമിത് ഷായുടെ വസതിയില്‍ വിളിച്ചുവരുത്തിയത് എന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം
ടാറ്റാ സണ്‍സ് തര്‍ക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി രാഹുല്‍ ഗാന്ധി. തനിക്കെതിരേ വിമര്‍ശനമുന്നയിച്ച കേന്ദ്ര ധനമന്ത്രിയോട് വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് എക്സില്‍ മറുപടി പോസ്റ്റ് ചെയ്തത്. ടാറ്റാ ട്രസ്റ്റ്സിനെയും ടാറ്റാ സണ്‍സിനെയും അമിത് ഷായുടെ വസതിയില്‍ വിളിച്ചുവരുത്തിയത് എന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇവരെ അമിത് ഷായുടെ വസതില്‍ സ്വീകരിക്കേണ്ടിയിരുന്ന നിയമപരവും വാണിജ്യപരവുമായ എന്തുകാര്യമാണ് ഉണ്ടായിരുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അദാനിയെ പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റൊരു ചോദ്യവും രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിലുണ്ട്. നിങ്ങളുടെ അടുത്ത 'ചങ്ങാതി' എന്നാണ് അദാനിയെ പേരെടുത്ത് പറയാതെ വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ അടുത്ത ചങ്ങാതി എപ്പോഴാണ് ഈ കളിയിലേക്ക് പ്രവേശിക്കുന്നതെന്നും ടാറ്റയുടെ ഏതെല്ലാം ഭാ?ഗങ്ങളാണ് ചങ്ങാതിക്ക് ലഭിക്കാന്‍ പോകുന്നതെന്നും രാഹുല്‍ ചോദിച്ചു. നിങ്ങളുടെ മൂന്നോ നാലോ ചങ്ങാതിമാര്‍ ഒഴികെ ഇന്ത്യയിലെ മറ്റുവ്യവസായികള്ക്കെല്ലാം നിങ്ങളെയെല്ലാം ഇതിനകം തന്നെ വെറുപ്പാണെന്നും അവരെ പ്രകോപിപ്പിക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തേ ടാറ്റാ ഗ്രൂപ്പിനെ ക്രിമിനല്‍ ബുദ്ധിയോടെ തകര്‍ക്കുകയാണെന്നും ഇതിനുപിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മോദിയും അമിത് ഷായും ഇന്ത്യയിലെ വ്യവസായരംഗത്തെ കളിപ്പാവകളാക്കി മാറ്റുകയാണ്. ഇന്ത്യയിലെ വ്യവസായപ്രമുഖരില്‍ ഒരാള്‍പോലും ഇതിനെതിരേ ഒരക്ഷരം മിണ്ടുന്നില്ലെന്നും എല്ലാവരും നിശബ്ദരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് രം?ഗത്തെത്തി. എല്ലാവിഷയങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് രാഹുല്‍ അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍മല സീതാരാമന്റെ മറുപടി. വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ടാറ്റാ സണ്‍സ് ബോര്‍ഡിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ടാറ്റാ സണ്‍സ് ചെയര്‍മാനായി എന്‍ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ടാറ്റാ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റാ ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തെ ചോദ്യംചെയ്തു. ചന്ദ്രശേഖരനെ വീണ്ടും നിയമിക്കാനുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും നോയല്‍ ടാറ്റാ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നോയല്‍ ടാറ്റ ടാറ്റാ സണ്‍സ് കമ്പനി സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തു.
.jpg)


