ഹിറ്റ് ആന്‍ഡ് റണ്‍ അപകടമെന്ന് കരുതിയ സംഭവം ആസൂത്രിതമായി നടത്തിയ കൊലപാതകം ; പ്രതി സുഹൃത്ത്

murder

സാമ്പത്തിക തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണം.

കര്‍ണാടകത്തിലെ ചിക്കമഗളൂരുവില്‍ ഹിറ്റ് ആന്‍ഡ് റണ്‍ അപകടമെന്ന് കരുതിയ സംഭവം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നര മാസത്തെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊലീസ് പുറത്തുകൊണ്ടുവന്നത്. സാമ്പത്തിക തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണം.

ജൂണ്‍ 12ന് രാത്രി ചിക്കമംഗളൂരു താലൂക്കിലെ ഹിരേഗൗജ ഗ്രാമത്തിന് സമീപമുള്ള ദേശീയപാതയിലാണ് 26കാരനായ യശ്വന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു ചരക്ക് ഓട്ടോറിക്ഷ മറിഞ്ഞുകിടന്നിരുന്നതിനാല്‍, ഓട്ടോ ഇടിച്ചുണ്ടായ അപകടമാണെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍, യശ്വന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് സംഭവസ്ഥലത്ത് ഇല്ലാതിരുന്നത് പൊലീസില്‍ സംശയം ജനിപ്പിച്ചു. ഈ സൂചനയെ അടിസ്ഥാനമാക്കി അന്വേഷണം തുടങ്ങിയ സഖരായപട്ടണ പൊലീസ്, ഒന്നര മാസത്തെ തുടര്‍ച്ചയായ അന്വേഷണത്തിനൊടുവില്‍ സംഭവം അപകടമല്ല, കൊലപാതകമാണെന്ന് തെളിയിച്ചു. യശ്വന്തിന്റെ സുഹൃത്തും വിജയനഗര്‍ സ്വദേശിയുമായ സച്ചിനാണ് കൊലപാതകം നടത്തിയത്.

Tags