പശ്ചിമബംഗാളില്‍ ബലാത്സംഗ കേസിലെ പ്രതി കൊല്ലപ്പെട്ടു, ഏറ്റുമുട്ടലിനിടെ വെടിവെച്ചെന്ന് പൊലീസ്
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പ്രഹ്ളാദ് ദാസാണ് കൊല്ലപ്പെട്ടത്.
പശ്ചിമ ബംഗാളിലെ ഗായ്ഘട്ടയില്‍ ബലാംത്സംഗ കേസ് പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്സിലെ പ്രതി പ്രഹ്ളാദ് ദാസാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ തെളിവെടുപ്പിനിടെയായിരുന്നു സംഭവം.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഗായ്ഘട്ടയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17 കാരിയെ കാണാതായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിന് സമീപം കണ്ടത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പ്രഹ്ളാദ് ദാസിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു.
തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ പ്രതി സബ് ഇന്‍സ്പെക്ടറുടെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് പോലീസിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. രക്ഷപെടാനായി തൊട്ടടുത്ത കുളത്തിലേക്ക് ചാടിയ പ്രതിക്ക് നേരെ പൊലീസും വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വെടിവെപ്പില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും പോലീസിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്. മുന്‍പ് ജൂലൈ മാസത്തില്‍ ബാരുഇപൂരില് 11 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്സിലെ പ്രതിയും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
.jpg)


