സംസ്ഥാനത്തെ സ്കൂളുകളിലും മദ്രസകളിലും 'വന്ദേ മാതരം' നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, സംസ്ഥാനത്തെ സ്കൂളുകളിലും മദ്രസകളിലും 'വന്ദേ മാതരം' ആലപിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നതും അംഗീകാരമുള്ളതുമായ എല്ലാ മദ്രസകളിലും രാവിലെയുള്ള അസംബ്ലികളിൽ ഇനിമുതൽ നിർബന്ധമായും വന്ദേ മാതരം ആലപിക്കണമെന്നാണ് പുതിയ നിർദ്ദേശം.
സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ദിവസവും 'വന്ദേ മാതരം' ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. ആറ് ഖണ്ഡികകളും ആലപിക്കുന്നതാണ് നിർബന്ധമാക്കിയത്. അസംബ്ലികളിൽ 'ബാംഗ്ലാർ മാട്ടി ബാംഗ്ലാർ ജൽ' (ബംഗാളിന്റെ മണ്ണും ബംഗാളിന്റെ ജലവും) എന്ന ഗാനം നിർബന്ധമാക്കിയിരുന്ന മുൻ സർക്കാരിന്റെ ഉത്തരവിന് പുറമെയാണ് പുതിയ ഉത്തരവ്.
വന്ദേ മാതരത്തിനും ദേശീയ ഗാനത്തിനും ഒപ്പം സംസ്ഥാന ഗാനവും തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സ്കൂൾ മേധാവികൾ പറയുന്നു. ഇവ എല്ലാം ആലപിക്കുകയാണെങ്കിൽ ക്ലാസുകൾ തുടങ്ങുന്നത് വൈകാൻ കാരണമാകും. മൂന്ന് ഗാനങ്ങൾക്കായി വിദ്യാർഥികളെ നിർത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അവർ പറയുന്നു. എന്നാൽ, പുതിയ നിർദേശത്തിൽ വന്ദേ മാതരത്തെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ എന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാന ഗാനത്തെക്കുറിച്ച് ഇതിൽ പരാമർശമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
.jpg)

