പശ്ചിമേഷ്യൻ സംഘർഷം ; രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 5 രൂപ വരെ വർധനവുണ്ടായേക്കും

West Asian conflict; Premium petrol price hiked by Rs 2

 ഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യയിലെ ഇന്ധനവിലയെയും ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 5 രൂപ വരെ വർധനവുണ്ടായേക്കുമെന്ന് എണ്ണക്കമ്പനികൾ സൂചന നൽകി. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധിയെത്തുടർന്ന് കമ്പനികൾ വലിയ നഷ്ടം നേരിടുന്നുവെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതോടെ ഇന്ത്യൻ എണ്ണ വിപണന കമ്പനികൾക്ക് പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. 2026-ന്റെ ഒന്നാം പാദത്തിൽ മാത്രം ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം കമ്പനികൾക്ക് നേരിടേണ്ടി വന്നു. ഈ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനായി വില വർധന അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

വില വർധിക്കുമെന്ന വാർത്തകൾക്കിടയിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അന്തർ മന്ത്രാലയ സമിതി വ്യക്തമാക്കി. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് നിലവിൽ യാതൊരു ക്ഷാമവുമില്ല. 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും, 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവും ഇന്ത്യയുടെ പക്കലുണ്ടെന്ന് സമിതി അറിയിച്ചു. അതിനാൽ ചില്ലറ വില്പനശാലകളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നും സമിതി പൗരന്മാരോട് നിർദ്ദേശിച്ചു.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെങ്കിലും, അതിന്റെ ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കില്ലെന്നാണ് സമിതിയുടെ നിലപാട്. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 703 ബില്യൺ ഡോളറാണെന്നും ഇന്ധന ഉപഭോഗം കുറയ്ക്കുന്നത് വഴി നഷ്ടം ഒരു പരിധിവരെ ലഘൂകരിക്കാൻ കഴിയുമെന്നും സമിതി കൂട്ടിച്ചേർത്തു.

Tags