പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ ഒരു പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കില്ല, ആഗോള ഊർജ്ജ സുരക്ഷയെയും സമുദ്ര വ്യാപാരത്തെയും സാരമായി ബാധിക്കും : നരേന്ദ്ര മോദി
പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ ഒരു പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും അത് ആഗോള ഊർജ്ജ സുരക്ഷയെയും സമുദ്ര വ്യാപാരത്തെയും വിതരണ ശൃംഖലകളെയും സാരമായി ബാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നടന്ന ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംഘർഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുന്നത് യുദ്ധക്കളത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതും റിക്രൂട്ട്‌മെന്റ് നടത്തുന്നതും അവർക്ക് സുരക്ഷിത താവളമൊരുക്കുന്നതുമായ മുഴുവൻ ശൃംഖലയും തകർത്തെറിയണമെന്ന് പാക് പ്രധാനമന്ത്രിയെ സാക്ഷിയാക്കി അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തെ ഭരണകൂട നയത്തിന്റെ ഭാഗമാക്കുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകണമെന്നും ഭീകരവാദം ആർക്കും ഒരു തന്ത്രപരമായ സ്വത്ത് ആകാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
.jpg)

