മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന് ആശങ്ക നൽകി തമിഴ്‌നാട് ബജറ്റ്

Water level in Mullaperiyar to be raised; Tamil Nadu budget raises concerns for Kerala

ചെന്നൈ: മുല്ലപ്പെരിയാര്‍  അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപനം. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍ മാരി വില്‍സണ്‍ പറഞ്ഞത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് നേടിയെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിജയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കേരളത്തിന്റെ ആശങ്ക കൂട്ടുന്ന പ്രഖ്യാപനം. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അന്തര്‍ സംസ്ഥാന നദീജലം പങ്കുവെയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.

ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും മുലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താനുള്ള അനുമതി നേരത്തെ തന്നെ സുപ്രീംകോടതി തമിഴ് നാടിന് നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇത് 136 അടി എന്നതില്‍ പരിമിതപ്പെടുത്തി നിര്‍ത്തി. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ് നാട് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് സൂചന.

Tags