കുപ്പിവെള്ളം, ഉപ്പ്, പഞ്ചസാര പാക്കറ്റുകൾക്ക് മുന്നറിയിപ്പ് വേണം: സുപ്രീം കോടതി

Warnings should be placed on bottled water, salt and sugar packets: Supreme Court

ന്യൂഡൽഹി: വെള്ളം, ഉപ്പ്, പഞ്ചസാര എന്നിവ പ്ലാസ്റ്റിക്ക് കുപ്പിയിലോ പാക്കറ്റിലോ ആണ് വിൽക്കുന്നതെങ്കിൽ മൈക്രോ/നാനോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടാകാം എന്ന മുന്നറിയിപ്പ് പതിച്ചിരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. മുന്നറിയിപ്പ് നൽകുന്നതിൽ തെറ്റൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു. ജനങ്ങൾ അവബോധമുള്ളവർ ആയിരിക്കട്ടെയെന്ന് മുന്നറിയിപ്പ് നൽകുന്നതിനെ അനുകൂലിച്ച് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

മൈക്രോ പ്ലാസ്റ്റിക്ക് അടങ്ങിയതാകാമെന്ന് കുപ്പിവെള്ളത്തിലും ഉപ്പ്, പഞ്ചസാര പാക്കറ്റുകളിലും വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്ന് ഫെബ്രുവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനാവശ്യമായ വിജ്ഞാപനമിറക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോടും (എഫ്.എസ്.എസ്.എ.ഐ.) മറ്റു ബന്ധപ്പെട്ടവരോടും കോടതി നിർദേശിച്ചിരുന്നു. ഉത്തരവിനെ എതിർത്ത് പാക്കേജിങ് അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം മുന്നറിയിപ്പ് പതിക്കുന്നത് ഉപഭോക്താക്കളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ഹർജിക്കാർ വാദിച്ചു.

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും മൈക്രോ പ്ലാസ്റ്റിക്കുകൾ കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. രക്തധമനികളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയ ഗവേഷകർ ഇത് ഹൃദയാഘാത- പക്ഷാഘാത സാധ്യതകൾ വർധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. കാംപാനിയ സർവകലാശാലയിലെ ഗവേഷകരായിരുന്നു പഠനത്തിനു പിന്നിൽ. കഴുത്തിലെ പ്രധാന രക്തധമനിയിലെ കൊഴുപ്പ് അടിഞ്ഞതു നീക്കംചെയ്യാൻ ശസ്ത്രക്രിയ ചെയ്ത ഇരുനൂറോളം പേരെ പരിശോധിച്ചപ്പോഴാണ് മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. അക്കൂട്ടത്തിൽ അറുപതു ശതമാനത്തോളം പേരുടെയും പ്രധാന ധമനിയിൽ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രക്തധമനികളിൽ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ മരണംവരെയോ സംഭവിക്കാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷകർ പറയുന്നു.

നേരത്തേ മുലപ്പാലിലും പ്ലാസ്റ്റിക് മാലിന്യം കടന്നുകൂടിയതുസംബന്ധിച്ച പഠനം വന്നിരുന്നു. പി.വി.സി. (പോളി വിനൈൽ ക്ലോറൈഡ്), പോളി എത്തിലിൻ, പോളി പ്രൊപ്പിലിൻ എന്നിവയാണ് പ്രധാനമായും കടന്നുകൂടിയതെന്നും പ്ലാസ്റ്റിക് കവറിലാക്കിയ ഭക്ഷണം കഴിക്കുന്നതുമുതൽ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതുവരെ കാരണമായിട്ടുണ്ടാകാമെന്നും പഠനത്തിലുണ്ടായിരുന്നു.

ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റിക് ആണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും.

പ്ലാസ്റ്റിക്കിൽനിന്ന് വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്. അഞ്ച് മില്ലി മീറ്ററിൽ താഴെ വലുപ്പം. പ്ലാസ്റ്റിക് വലകൾ, കുപ്പികൾ, സഞ്ചികൾ തുടങ്ങിയവ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെയും ഋതുഭേദങ്ങളുടെയും ഫലമായി പൊടിഞ്ഞാണ് ചെറുകണികകളാവുന്നത്. നൈലോൺ, പോളി എത്തിലിൻ, പോളി പ്രൊപ്പിലീൻ, പോളി സൾഫോൺ എന്നിവയാണ് പ്രധാനമായും കാണുന്നത്.


പ്രധാനമായും മൂന്നു വഴികളിലൂടെയാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽനിന്ന്, സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതുവഴി ത്വക്കിലൂടെ എന്നിങ്ങനെയാണത്. ശ്വാസകോശത്തിന്റെ ഉള്ളറയിലാണ് പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങൾ കണ്ടെത്തിയ സംഭവവുമുണ്ടായിട്ടുണ്ട്. വായുനാളി ഏറ്റവും നേർത്തതായതിനാൽ അതിനുള്ളിലൂടെ പ്ലാസ്റ്റിക് കണികകൾ അരിച്ചിറങ്ങില്ല എന്നാണ് ഗവേഷകർ മുമ്പ് കരുതിയിരുന്നത്. ഓരോ മണിക്കൂറിലും മനുഷ്യർ 16.2 പ്ലാസ്റ്റിക് ശകലങ്ങൾ (16.2 bits) ശ്വസിക്കുന്നതായി 2022-ൽ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
 

Tags