മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകവ്യാപാരത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് : നരേന്ദ്ര മോദി
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായ സന്ദേശം നൽകണമെന്നും ആഗോള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും ഈ പ്രതിസന്ധി സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. മൂന്നാഴ്ചയായി തുടരുന്ന യുദ്ധം ലോകവ്യാപാരത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യുദ്ധം ബാധിച്ച മേഖലകളുമായി ഇന്ത്യയ്ക്ക് ശക്തമായ വ്യാപാര ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗം വരുന്നത് ഇവിടെ നിന്നാണ്. ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കപ്പലുകളിലെ ജീവനക്കാരായ ഇന്ത്യക്കാരുടെ സുരക്ഷയും പ്രധാനമാണ്. സംഘർഷത്തിനിടെ ഇതിനോടകം 3,75,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാധിച്ചു. അവിടെ തുടരുന്നവർക്ക് ഇന്ത്യൻ എംബസികൾ വഴി ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും രാഷ്ട്രത്തലവന്മാരുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മോദി വിശദീകരിച്ചു.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ഇന്ധന നീക്കത്തിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഊർജ സുരക്ഷ ഉറപ്പാക്കാൻ മുൻപ് 27 രാജ്യങ്ങളിൽ നിന്നായിരുന്ന ഇറക്കുമതി ഇപ്പോൾ 41 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾ ശേഖരിക്കാനുള്ള ശേഷി വർദ്ധിപ്പിച്ചതും കൂടുതൽ വിതരണക്കാരുമായി ബന്ധപ്പെടുന്നതും പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നടപ്പിലാക്കിയ ദീർഘവീക്ഷണമുള്ള പദ്ധതികൾ ഇപ്പോഴത്തെ സാഹചര്യത്തിൽ തുണയാകുന്നുണ്ടെന്ന് മോദി അവകാശപ്പെട്ടു. എഥനോൾ ഉൽപ്പാദനം വർദ്ധിപ്പിച്ചത് വഴി നാലരക്കോടി ബാരൽ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചു. റെയിൽവേ വൈദ്യുതീകരണം, മെട്രോ ശൃംഖലയുടെ വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം എന്നിവയും ആഗോള ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം ഇന്ത്യയിൽ കുറയ്ക്കാൻ സഹായിച്ചു. വിദേശകാര്യ മന്ത്രിയും പെട്രോളിയം മന്ത്രിയും നേരത്തെ സഭയിൽ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. വിഷയത്തിൽ നാളെ പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്യും.
.jpg)


