വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടും; കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിം കോടതിയിലേക്ക്


മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിയമപദേശം തേടിയതായാണ് വിവരം.
പാര്‍ലമെന്റില്‍ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാന്‍ ഒരുങ്ങി പ്രതിപക്ഷം. കോണ്‍ഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളും കോടതിയെ സമീപിക്കാനാണ് നീക്കം. ഭരണഘടന അനുശാസിക്കുന്ന സമത്വം, മതപരമായ സ്വാതന്ത്ര്യം എന്നിവക്കെതിരെയാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിയമപദേശം തേടിയതായാണ് വിവരം. നിയമപരമായി ബില്ലിനെ നേരിടുന്നതിനൊപ്പം പ്രതിഷേധവും ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു. ബില്ലിനെതിരെ ഇന്ത്യാ മുന്നണിയുടെ കൂട്ടായ പ്രതിഷേധവും പരിഗണനയിലാണ്.

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിയെ സമീപിച്ചു. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സര്‍ക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോണ്‍ഗ്രസ് നിയമനടപടിയിലേക്ക് നീങ്ങുന്നത്.
ബില്ലിനെ പിന്തുണച്ച ജെഡിയു നിലപാടിനെതിരെ നേതാക്കള്‍ രംഗത്തെത്തി. നാലു നേതാക്കള്‍ രാജി സമര്‍പ്പിച്ചു. രാജിവച്ചവര്‍ പാര്‍ട്ടിയില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരല്ലെന്ന് ജെഡിയു ദേശീയ നേതൃത്വത്തിന്റെ വിശദീകരണം.