വഖഫ് ഭേദഗതി നിയമമായതിൽ ബംഗാളിൽ പ്രതിഷേധം ശക്തമാകുന്നു


മുർഷിദബാദ് : വഖഫ് ഭേദഗതി നിയമമായതിൽ ബംഗാളിൽ പ്രതിഷേധം. നിംതിത റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനിടെ പത്തോളം പോലീസുകാർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനകത്ത് കടന്ന് സാധനസാമഗ്രികൾ അടിച്ച് തകർത്തതായും വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയതായും റെയിൽവെ അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരെ തടയാനും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമായി ബോർഡർ സെക്യൂരിറ്റി ഫോഴ്സിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചോളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും റെയിൽവെ അധികൃതർ അറിയിച്ചു. അക്രമത്തിൽ ഏതാനും പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.