സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ നാളെ റിയാദിലെത്തും

saudi

 റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ നാളെ റിയാദിലെത്തും. ബുധനാഴ്ച റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ഇന്ത്യൻ എംബസിയിലെത്തി അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. ജൂലൈ 31-ന്​ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിച്ച അദ്ദേഹം, ഇതിനുമുമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ആഗസ്​റ്റ്​ 15-ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തും. തുടർന്ന് സൗദിയിലെ പ്രവാസി സമൂഹത്തെ അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്യും.

സൗദിയിലെത്തുന്നതിന്​ മുന്നോടിയായി പ്രമുഖ സൗദി ദിനപത്രമായ ‘അറബ് ന്യൂസിന്’ നൽകിയ അഭിമുഖത്തിൽ, വരും വർഷങ്ങളിൽ ഇന്ത്യ-സൗദി ബന്ധം കൂടുതൽ ദൃഢമാകുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരസ്പര താൽപ്പര്യങ്ങൾ, ശക്തമായ സംഘടനാ സംവിധാനം, സൗദിയുടെ വിഷൻ 2030 പരിഷ്കരണ പദ്ധതികൾ എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് കരുത്തേകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2019-ൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ഇന്ത്യ സന്ദർശനത്തോടെയാണ് സൗദിയുമായി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ’ രൂപവത്​കരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയത്. 2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും സംയുക്തമായി അധ്യക്ഷത വഹിച്ച കൗൺസിലിന്റെ ആദ്യ സമ്മേളനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ശക്തമായ അടിത്തറയിട്ടു.

വിഷൻ 2030 പദ്ധതിയുടെ ഭാഗമായും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ച മുൻനിർത്തിയും സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജ്ജം, ഖനനം, ആരോഗ്യം, ടൂറിസം, വിനോദം, ലോജിസ്​റ്റിക്സ് തുടങ്ങിയ മേഖലകളിൽ വ്യാപാര-നിക്ഷേപ സാധ്യതകളും ഇന്ത്യക്കാർക്കുള്ള തൊഴിലവസരങ്ങളും വർധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും കമ്പനികൾക്കും സാവറിൻ വെൽത്ത് ഫണ്ടിനും വൻ നിക്ഷേപ അവസരങ്ങളാണ് മുന്നിലുള്ളത്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മേഖലയിലെ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ വികസനത്തിനും നിർണായകമാണെന്നും ഇരു ഭരണാധികാരികളും ഇത് സംബന്ധിച്ച് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കൂടാതെ ഏഷ്യൻ ഗെയിംസ്, 2034-ലെ ഫിഫ ലോകകപ്പ് എന്നിവയ്ക്ക് വേദിയാകുന്ന സൗദിയിൽ കായിക അടിസ്ഥാന സൗകര്യ വികസനം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിൽ വലിയ പങ്കാളിത്ത സാധ്യതകളാണുള്ളത്. നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഹജ്ജ് തീർത്ഥാടനം സൗഹൃദബന്ധത്തിന്റെ സുപ്രധാന തൂണാണെന്ന് വ്യക്തമാക്കിയ വിപുൽ, പുതിയ ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും കൂട്ടിച്ചേർത്തു.

1998 ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനായ വിപുൽ കൈറോ, കൊളംബോ, ജനീവ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബൈയിൽ കോൺസൽ ജനറലായും വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ച ശേഷമാണ് 2023-ൽ ഖത്തറിലെ അംബാസഡറാകുന്നത്. 1994-ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും പൂർത്തിയാക്കിയ അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുണ്ട്. നയതന്ത്ര ബന്ധങ്ങൾ എല്ലാ മേഖലകളിലും സമഗ്രമായി ശക്തിപ്പെടുത്തുകയാണ് ത​െൻറ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags