വിജയ് ചിത്രം‘ജനനായകൻ’ ചോർന്ന സംഭവം: ആറ് പേർ അറസ്റ്റിൽ
ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ ചോർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൈബർ ക്രൈം വിങ് ആറ് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ അനധികൃത ഓൺലൈൻ ചോർച്ചയ്ക്ക് പിന്നാലെ സംസ്ഥാന സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബിഎൻഎസ്, ഐടി ആക്ട്, പകർപ്പവകാശ നിയമം, സിനിമാട്ടോഗ്രാഫ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ ലിങ്കുകൾ തടയുന്നതിനും ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുന്നതിനുമായി സൈബർ ക്രൈം വിങ് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു.
ക്ലൗഡ് സ്റ്റോറേജ്, ലിങ്ക് ഷെയറിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ആറ് പേർക്കെതിരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ‘ജനനായക’നായി കാത്തിരിക്കുന്നത്. പൊങ്കൽ റിലീസായി ജനുവരി 9ന് എത്തേണ്ടിയിരുന്ന ഈ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ സെൻസറിങ് കുരുക്കുകൾ കാരണമാണ് വൈകുന്നത്. പകർപ്പവകാശ ഉടമസ്ഥരായ തങ്ങളുടെ അനുമതിയില്ലാതെ സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ കർശനമായ നിയമനടപടികൾ തുടരുമെന്ന് നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു.
.jpg)

