ഗവർണറെ രണ്ടാം വട്ടവും കണ്ട് വിജയ്; നിലപാടിലുറച്ച് ഗവർണർ, രണ്ടാം വട്ടവും കൂടിക്കാഴ്ച വിഫലം

Vijay meets Governor for the second time; Governor stands firm, second meeting fails

 ചെന്നൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ വീണ്ടും കണ്ടു.  സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചെങ്കിലും കൂടിക്കാഴ്ച ഫലം കണ്ടില്ല. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന തന്റെ പഴയ നിലപാടിൽ ഗവർണർ ഉറച്ചുനിന്നതോടെ വിജയിയുടെ നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ ടിവികെയുടെ നിയമസഭകക്ഷി യോഗം ഇന്നു ചേരുന്നുണ്ട്. വിജയ്‌യെ നേതാവായി യോഗം തെരഞ്ഞെടുക്കും.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെ, കോൺഗ്രസിന്റെ പിന്തുണയോടെ (5 സീറ്റുകൾ) സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 113 എം.എൽ.എമാരുടെ പിന്തുണയാണ് വിജയിയുടെ സഖ്യത്തിനുള്ളത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. വിജയിയുടെ വ്യക്തിഗത വിജയങ്ങളിൽ ഒന്ന് രാജിവെക്കുന്നതോടെ പാർട്ടിയുടെ സഭയിലെ കരുത്ത് 107 ആകും.

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തോൾ. തിരുമാവളവൻ ഗവർണറോട് ആവശ്യപ്പെട്ടു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് അവസരം നൽകണമെന്നും, സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും തിരുമാവളവൻ ആരോപിച്ചു. പിന്തുണ തേടിക്കൊണ്ടുള്ള വിജയിയുടെ കത്ത് ലഭിച്ചതായും പാർട്ടി ഉടൻ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags