കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി വിജയ് സന്ദർശിക്കും

Karur tragedy: Vijay announces Rs 20 lakh financial assistance to families of deceased

 ചെന്നൈ: കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് കരൂരിൽ നടന്ന വിജയ് യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ജൂലൈ 10ന് കരൂർ സന്ദർശിക്കും. മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ജലവിഭവ വകുപ്പ് മന്ത്രി എൻ. ആനന്ദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് തമിഴക വെട്രി കഴകം (ടി.വി.കെ) സംഘടിപ്പിച്ച റാലിയിലുണ്ടായ ദുരന്തത്തിൽ 41 പേരാണ് മരണപ്പെട്ടത്. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് വിജയ് ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. വിജയ് യുടെ ഈ സന്ദർശനത്തെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. കരൂരിലെ ദുരന്തത്തിന് പിന്നിൽ മുൻ ഡി.എം.കെ സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആദവ് അർജുന ആരോപിച്ചു. 41 പേരുടെ മരണത്തിന് ഉത്തരവാദികൾ ഡി.എം.കെ ആണെന്നും, നിയമനടപടികൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് ടി.വി.കെ എന്ന് ഡി.എം.കെ തിരിച്ചടിച്ചു. സെന്തിൽ ബാലാജിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാണ് ടി.വി.കെ കരുക്കൾ നീക്കുന്നതെന്ന് മുൻ ഡി.എം.കെ മന്ത്രി എസ്. രഘുപതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കരൂർ സന്ദർശനത്തിന് മുൻപ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കരൂർ റാലിയിൽ പങ്കെടുക്കാനെത്തിയവർ വിജയിയെ കാണാൻ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായത്. ഈ സംഭവത്തിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ റിട്ടയേർഡ് ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഏകാംഗ കമീഷനെ അന്വേഷണത്തിനായി നിയമിച്ചിരുന്നു. 2026 മേയ് മാസത്തിൽ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ വലിയ വിജയം നേടുകയും, 59 വർഷത്തെ ദ്രാവിഡ രാഷ്ട്രീയ മേധാവിത്വത്തിന് വിരാമം കുറിച്ചുകൊണ്ട് വിജയ് തമിഴ്‌നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തിരുന്നു. 

Tags