എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സര്‍ക്കാര്‍

stalin

തമിഴ്നാട്ടിലെ വിഐപികള്‍ക്കും വിവിഐപികള്‍ക്കും നല്‍കുന്ന സുരക്ഷ ആറു മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യാറുണ്ട്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സര്‍ക്കാര്‍. ഇസഡ് പ്ലസ് (Z+) വിഭാഗത്തില്‍ നിന്ന് സ്റ്റാലിന്റെ സുരക്ഷ ഇസഡിലേക്ക് (Z) മാറ്റി. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 34 ആയി കുറച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ആണ് തീരുമാനം.


ചീഫ് സെക്രട്ടറി സായ് കുമാര്‍, ഹോം സെക്രട്ടറി കെ മണിവസന്‍, ഡിജിപി മഹേഷ് കുമാര്‍ അഗര്‍വാള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സ്റ്റാലിന്റെ സുരക്ഷാ ആവശ്യങ്ങളും വിശദമായി പരിശോധിച്ചു. പുതുക്കിയ ക്രമീകരണമനുസരിച്ച് സ്റ്റാലിന് പൊലീസ് സുരക്ഷ തുടര്‍ന്നും ലഭിക്കും. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ മുന്‍നിരയിലും പ്രധാന ഭാഗത്തും പിന്‍നിരയിലും പ്രത്യേക സുരക്ഷാ സംഘങ്ങള്‍ ഉണ്ടായിരിക്കും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്‌കോര്‍ട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷന്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം അദ്ദേഹത്തിനായി സജ്ജീകരിക്കും. ഇത് സുരക്ഷ പൂര്‍ണ്ണമായി പിന്‍വലിക്കലല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തില്‍ വരുത്തിയ മാറ്റം മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തമിഴ്നാട്ടിലെ വിഐപികള്‍ക്കും വിവിഐപികള്‍ക്കും നല്‍കുന്ന സുരക്ഷ ആറു മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യാറുണ്ട്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, ഭീഷണിയുടെ സ്വഭാവവും തീവ്രതയും, യാത്രാരീതികള്‍ എന്നിവ കണക്കിലെടുത്താണ് സുരക്ഷ കൂട്ടണോ, നിലനിര്‍ത്തണോ അതോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്.

Tags