പ്രതിഷേധങ്ങളെത്തുടർന്ന് പിന്നോട്ടടിച്ചു ; ജ്യോതിഷിയുടെ നിയമനം റദ്ദാക്കി വിജയ്
ചെന്നൈ : തമിഴ്‌നാട് നിയമസഭയിൽ ബുധനാഴ്ച രാവിലെ നടന്ന നാടകീയമായ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ഭരണം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെ, വിവാദമായ ഒരു നിയമനത്തിൽ നിന്ന് പിന്നോട്ട് പോയി മുഖ്യമന്ത്രി വിജയയും ടി.വി.കെയും. മുഖ്യമന്ത്രിയുടെ പ്രത്യേക രാഷ്ട്രീയ ഉപദേശകനായി (OSD) ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങളെത്തുടർന്ന് പാർട്ടി റദ്ദാക്കിയത്.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഒരു ജ്യോതിഷിയെ ഉൾപ്പെടുത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. യുക്തിവാദി രാഷ്ട്രീയത്തിന് വേരോട്ടമുള്ള തമിഴ്‌നാട്ടിൽ ഇത്തരമൊരു നീക്കം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ടി.വി.കെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കച്ചി (VCK) ഈ നിയമനത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. വിജയത്തിന് പിന്തുണ നൽകിയ രണ്ട് സീറ്റുകളുള്ള വി.സി.കെ കൂടി രംഗത്തെത്തിയതോടെ നിയമനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ വിജയ്‌യുടെ ജാതകത്തിൽ ഒരു രാഷ്ട്രീയ 'സുനാമി' ഒളിഞ്ഞിരിപ്പുണ്ടെന്ന് രാധൻ പണ്ഡിറ്റ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ വിഡിയോകളിലൂടെയും അദ്ദേഹം വിജയ്‌യുടെ രാഷ്ട്രീയ ഭാവി പ്രവചിച്ചു. 'തമിഴക വെട്രി കഴകം' എന്ന പേരിന്റെ സംഖ്യാശാസ്ത്രപരമായ പ്രാധാന്യവും വിജയ്‌യുടെ ജന്മനക്ഷത്രവും തമ്മിലുള്ള പൊരുത്തവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പഴയ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി. ഇതോടെ സർക്കാരിന്റെ നയരൂപീകരണത്തിൽ ജ്യോതിഷിക്ക് അമിത സ്വാധീനമുണ്ടെന്ന ആരോപണം ശക്തമായി.
.jpg)

