വൻകിട നിക്ഷേപ പദ്ധതികളുടെ രഹസ്യവിവരങ്ങൾ ആന്ധ്രപ്രദേശിന് ചോർത്തി നൽകി ; 15 ഉദ്യോഗസ്ഥരെ പുറത്താക്കി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിലേക്ക് എത്തേണ്ട വൻകിട നിക്ഷേപ പദ്ധതികളുടെ രഹസ്യവിവരങ്ങൾ ആന്ധ്രപ്രദേശിന് ചോർത്തി നൽകിയെന്ന ആരോപണത്തിൽ 15 ഉദ്യോഗസ്ഥരെ പുറത്താക്കി മുഖ്യമന്ത്രി വിജയ് . വ്യവസായ വകുപ്പിന് കീഴിലുള്ള നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഗൈഡൻസ് തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കമ്പനികളും സർക്കാരും തമ്മിൽ കൈമാറിയ രഹസ്യവിവരങ്ങൾ ആന്ധ്രയിലെ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് ആരോപണം.
തമിഴ്നാട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ചില നിക്ഷേപ പദ്ധതികൾ ആന്ധ്രയിലേക്ക് മാറിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പുറത്താക്കപ്പെട്ടവരിൽ മൂന്ന് പേർ നിലവിൽ ആന്ധ്രപ്രദേശ് സർക്കാരിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും 2016-2021 കാലയളവിലെ അണ്ണാ ഡിഎംകെ ഭരണകാലത്ത് നിയമിതരായവരാണ്. അതേസമയം, നടപടിക്കെതിരെ മുൻ വ്യവസായ മന്ത്രിയും ഡിഎംകെ നേതാവുമായ ടി.ആർ.ബി. രാജ രംഗത്തെത്തി.
തമിഴ്നാടിന്റെ ആരോപണങ്ങൾ ആന്ധ്രയിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി തള്ളി. മികച്ച അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപക സൗഹൃദ നയങ്ങളുമാണ് കമ്പനികളെ ആകർഷിക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളുടെ വിവരങ്ങൾ ചോർത്തേണ്ട ആവശ്യമില്ലെന്നും ടിഡിപി വ്യക്തമാക്കി. സംഭവത്തിൽ ടിവികെയോ മുഖ്യമന്ത്രി വിജയിയുടെ ഓഫീസോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
.jpg)

