വിദ്യ ബാലകൃഷ്ണൻ എം.എൽ.എക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട സംഭവം ; പ്രതികളെ ഡൽഹിയിൽ നിന്ന് പിടികൂടി
കോഴിക്കോട് : വിദ്യ ബാലകൃഷ്ണൻ എം.എൽ.എക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഡൽഹി സ്വദേശികളായ നിധിൻ കുമാർ, ഗൗരവ് എന്നിവരാണ് പ്രതികൾ. നിധിൻ കുമാറാണ് സിം ഉടമയെങ്കിലും താനല്ല വിളിച്ചതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. തന്റെ ഫോൺ മോഷണം പോയതെന്നാണ് ഇയാളുടെ വാദം.
കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലി രൂപംനൽകിയ നാലംഗ പ്രത്യേക അന്വേഷണസംഘം ഏതാനും ദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സൈബർ ക്രൈം അസി. കമീഷണർ എസ്.എം. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. യു.പി-ഡൽഹി അതിർത്തിയിൽ നിന്നാണ് ഇവർ പ്രതികളെ പിടികൂടിയത്. ആൾമാറാട്ടംനടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും ഐ.ടി നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവുമാണ് കേസ്.
പ്രിയങ്ക ഗാന്ധി എം.പിയുടെ ഡൽഹി ഓഫിസിൽ നിന്നുള്ള രാജ്കുമാറാണെന്ന വ്യാജേനയാണ് എലത്തൂർ എം.എൽ.എയായ വിദ്യ ബാലകൃഷ്ണന് മന്ത്രിപദവി വാഗ്ദാനം ചെയ്ത് കോൾ വന്നത്. സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു ഫോൺ സന്ദേശം.
ജൂലായ് ആറിന് ഉച്ചക്ക് രണ്ടിനാണ് വിദ്യക്ക് ഫോൺ വന്നത്. വിഷയത്തിൽ ഇടപ്പെട്ട പ്രിയങ്ക ഗാന്ധി, വിദ്യയുടെ ഫോണിലേക്ക് യഥാർഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം അയച്ചുനൽകി. രണ്ടു ശബ്ദവും തമ്മിൽ വ്യത്യാസമുണ്ടെന്ന് വിദ്യ സ്ഥിരീകരിച്ചതിനെ തുടർന്ന്, എം.എൽ.എ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
ഡൽഹി മേൽവിലാസത്തിലാണ് സിം കാർഡ് എടുത്തിട്ടുള്ളതെന്ന് സൈബസ് പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്. വിദ്യക്ക് പുറമെ, എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും പണം ആവശ്യപ്പെട്ട് ഉന്നതപദവികൾ വാഗ്ദാനം ചെയ്ത് നേരത്തേ ഫോൺ വന്നിരുന്നു.
.jpg)

